ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനെതിരെ കേരളവും തമിഴ്നാടും ഒന്നിച്ചു നിൽക്കും; ഇന്ത്യക്ക് മാതൃകയാകും; പിണറായി വിജയൻ

ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനെതിരെ കേരളവും തമിഴ്നാടും ഒന്നിച്ചു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം സത്യാഗ്രഹം മുന്നോട്ട് വെച്ചതുപോലെ കേരളവും തമിഴ്നാടും എന്നും ഒന്നിച്ചു നിൽക്കുകുമെന്നും ഇന്ത്യക്ക് മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ശേഷം വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോരാട്ടത്തിൽ ഒരുമിച്ചുനിൽക്കുക എന്ന വലിയൊരു മാതൃകയായിരുന്നു വൈക്കം സത്യാഗ്രഹം മുന്നോട്ട് വെച്ചത്. ഒരുമിച്ച് ചേരലിന്റേതായ ആ മനസ് വരും കാലങ്ങളിലും ഉണ്ടാകുമെന്നും അത് ഭാവിയിൽ വലിയൊരു സഹോദര്യമായി വളരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നവോഥാനത്തിൽ പങ്കില്ല എന്ന് ചിലർ ആരോപിക്കുന്നുണ്ട്. കൂടാതെ, ചില ജാതിയിൽ ഉള്ളവർ മാത്രം നടത്തിയതാണ് വൈക്കം സത്യഗ്രഹമെന്നും ആരോപണം ഉണ്ടെന്നും എന്നാൽ അത് വാസ്തവമല്ലെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. എല്ലാവരും ചേർന്ന് നടത്തിയ പോരാട്ടം ആണ് വൈക്കം സത്യാഗ്രഹം എന്ന് വേദിയിൽ അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇന്ത്യയുടെ ഭരണഘടനയ്ക്ക് പകരം മനുസ്‌മൃതിയെ അടിസ്ഥാനപ്പെടുത്താൻ ശ്രമം. അവർ പുറകിലോട്ട് നടക്കുകയാണ്. അത്തരം നീക്കങ്ങളെ ഒരുമിച്ച് നിന്ന് ചെറുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒറ്റക്ക് നിന്നല്ല പോരാട്ടം നടത്തേണ്ടത് എന്ന് വൈക്കം സത്യഗ്രഹം കാണിച്ചു തന്നു. അതിനാൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും സാഹോദര്യം ഇന്ത്യക്ക് തന്നെ മാതൃകയായി ഉയർത്തികാണിക്കുമെന്ന് മഹാത്മാ ഗാന്ധിയുടെയും ശ്രീ നാരായണ ഗുരുവിന്റെയും ഇവി രാമസ്വാമി നായ്ക്കരുടെയും സ്മരണകൾ സ്പന്ദിക്കുന്ന വൈക്കത്തിന്റെ മണ്ണിൽ നിന്ന് അറിയിക്കുന്നതായി മുഖ്യമന്ത്രി ഉറപ്പു നൽകി.