ഒറ്റ ദിനത്തിൽ ഇല്ലാതായതു ഒരു കുടുംബത്തിലെ 11 പേർ

 

താനൂര്‍: ഒരു വീട്ടിലെ പതിനൊന്നു പേര്‍ ഒരു ദിവസം കൊണ്ട് ഇല്ലാതാകുക, അതും സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും എട്ടു കുട്ടികളും

ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാന്‍ പോലുമാകുന്നില്ല. പെരുന്നാള്‍ അവധിക്ക് ഒത്തു ചേര്‍ന്ന് സന്തോഷത്തിന്റെ നാളുകള്‍ ഒടുവില്‍ കണ്ണീര്‍ക്കയത്തില്‍ കൊണ്ടെത്തിക്കുമെന്നൊരിക്കലും ആ കുടുംബം വിചാരിച്ചുകാണില്ല.

 

പെരുന്നാള്‍ അവധിയില്‍ എല്ലാവരും ഒത്തുചേര്‍ന്നതായിരുന്നു ആ കുഞ്ഞു വീട്ടില്‍. കുടുംബനാഥന്‍ കുന്നുമ്മല്‍ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മല്‍ ജാബിര്‍, കുന്നുമ്മല്‍ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടില്‍ ഒത്തു ചേര്‍ന്നത്. ഞായറാഴ്ച അവധി ദിവസമായതു കൊണ്ട് തന്നെ കുട്ടികളുടെ നിര്‍ബന്ധപ്രകാരമാണ് തൂവല്‍ത്തീരം സഞ്ചരിക്കാന്‍ തീരുമാനിക്കുന്നത്.

 

മടങ്ങിപ്പോകുന്നതിന് മുമ്ബ് എല്ലാവരും ഒത്തു ചേരണം, സന്തോഷം പങ്കുവെക്കണം. കുട്ടികളുടെ ആഗ്രഹത്തിന് മുമ്ബില്‍ സൈതലവിയ്ക്ക് മറുത്തൊന്നും പറയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്ബോള്‍ തന്നെ സൈതലവി കുട്ടികളോടും ഭാര്യയോടും സഹോദരങ്ങളുടെ ഭാര്യമാരോടും നിര്‍ബന്ധപൂര്‍വ്വം പറഞ്ഞിരുന്നു, ഒരു കാരണവശാലും ബോട്ടില്‍ കയറരുത് എന്ന്. സൈതലവി തന്നെയായിരുന്നു ഇവരെ എല്ലാവരേയും കട്ടാങ്ങലില്‍ എത്തിച്ചത്.

 

എന്നാല്‍ തിരിച്ച്‌ വീട്ടിലെത്തി കുറച്ചുനേരം കഴിഞ്ഞ ശേഷം സൈതലവി ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ അപ്പുറത്ത് നിന്ന് നിലവിളികളായിരുന്നു, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ നിലവിളിയോടെ അറിയിച്ചപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കാനെ സൈതലവിക്കായുള്ളൂ. പിന്നിട് അവിടെ കണ്ട ആളുകളേയും കൂട്ടി നിമിഷനേരം കൊണ്ട് സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഓടിച്ചെന്ന് എത്തിയപ്പോഴേക്കും സൈതലവി കാണുന്ന കാഴ്ച, ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന മകളുടെ മൃതദേഹം വെള്ളത്തില്‍ നിന്ന് പുറത്തേക്കെടുക്കുന്നതായിരുന്നു. കണ്ടു നില്‍ക്കുന്നവരെ ആകെ കണ്ണീരിലാഴ്ത്തുന്ന രംഗമായിരുന്നു അത്.

 

തീരത്തു നിന്ന് കാഴ്ചയില്‍ ദൂരത്തായിരുന്നു ബോട്ട് എന്നതുകൊണ്ടും രാത്രിയായിരുന്നു എന്നതിനാലും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി. ചെറുബോട്ടുകളിലായെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് തന്നെ.

 

അപകടത്തില്‍ കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യയും (ജല്‍സിയ) മകനും (ജരീര്‍), കുന്നുമ്മല്‍ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈലവിയുടെ ഭാര്യ (സീനത്ത്) നാല് മക്കളും (ഷംന, ഹസ്ന, സഫ്ന) എന്നിവരാണ് മരിച്ചത്. പത്ത് മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും ഇനിയില്ല. ഇനി ആ കുടുംബത്തില്‍ അവശേഷിക്കുന്നത് മാതാവും മൂന്ന് ആണ്‍മക്കളും പിന്നെ പരിക്കേറ്റ സഹോദരിയും മക്കളും അടക്കം എട്ട് പേര്‍ മാത്രം.