താനൂര്‍ ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ‘2018’ നിര്‍മാതാക്കള്‍
താനൂര്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. 2018 എന്ന സിനിമയുടെ നിര്‍മാതാക്കളാണ് സഹായം പ്രഖ്യാപിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് 2018 നിര്‍മിച്ചിരിക്കുന്നത്.
താനൂര്‍ ബോട്ടപകടത്തില്‍പ്പെട്ട് 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരില്‍ 11 പേരും ഒരു കുടുംബത്തില്‍ നിന്നാണ്. എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ വീതം ധനസഹായമായി നല്‍കും. ആശുപത്രികളിലുള്ളവരുടെ ചികിത്സാ സഹായവും സര്‍ക്കാര്‍ വഹിക്കും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്.അപകടത്തിന് കാരണമായ നിയമലംഘനങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ബോട്ടിന് ലൈസന്‍സില്ലാത്തതുള്‍പ്പെടെ വലിയ നിയമലംഘനങ്ങളാണ് താനൂരില്‍ നടന്നത്.