പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍; കന്നഡനാടിനെ പൊന്നാക്കി രാഹുല്‍

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായിത്തുടങ്ങുമ്പോള്‍ ബിജെപി തളര്‍ന്നുകഴിഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തില്‍ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ കര്‍ണാടക ഫലം നിര്‍ണായക സ്വാധീനമായി മാറും. പരിഹാസങ്ങളിലും പരാജയങ്ങളിലും നിയമവഴികളിലും ഓടിത്തളര്‍ന്ന രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര കര്‍ണാടകയിലെത്തിയപ്പോള്‍ അവസാന കച്ചിത്തുരുമ്പെന്നോണം പിടിച്ചുകയറി കോണ്‍ഗ്രസ്.

ജെഡിഎസും കോണ്‍ഗ്രസും ബിജെപിയും മാറിമാറി മുതിര്‍ന്ന നേതാക്കളെ ഇറക്കി ദിവസങ്ങളോളം പ്രചാരണം കൊഴുപ്പിച്ചിരുന്നു. കോണ്‍ഗ്രസിനെ ആഞ്ഞടിച്ചും രാഹുലിനെ കുത്തിയും മോദി അടക്കമുള്ളവര്‍ സംസ്ഥാനത്ത് പചാരണം കാഴ്ചവച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയാകട്ടെ, കര്‍ണാടകയിലെ ജനങ്ങളുടെ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു പ്രചാരണമാകെ. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ സ്ഥിരമായി സ്വീകരിക്കുന്ന നിലപാടാണിത്.

കോലാര്‍ മണ്ഡലത്തില്‍ നിന്നാണ് കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി ആദ്യമിറങ്ങി പ്രചാരണം ആരംഭിച്ചത്. സംവരണ കാര്‍ഡിറക്കിയും, വൈകാരിക ജനകീയ പ്രഖ്യാപനങ്ങളുമായാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങിയത്. എസ് സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആയും എസ് ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമായും ഉയര്‍ത്തുമെന്ന പ്രഖ്യാപനം പത്രികയില്‍ ഇടംപിടിച്ചു. ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തെ പരിഗണിക്കുന്നതിനൊപ്പം മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെട്ടതും കോണ്‍ഗ്രസിനെ തുണച്ചതെന്നാണ് നിലവിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ, അമുല്‍-നന്ദിനി വിവാദം സംസ്ഥാനത്ത് കൊടുമ്പിരികൊണ്ടിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഐസ്‌ക്രീം കഴിക്കാന്‍ നന്ദിനി ഔട്ട്‌ലെറ്റിലേക്ക് കയറിയ രാഹുല്‍ ഗാന്ധിയെയും ജനങ്ങള്‍ മറന്നില്ല.’കര്‍ണാടകയുടെ അഭിമാനം-നന്ദിനി ഈസ് ദി ബെസ്റ്റ്’എന്നായിരുന്നു ഇക്കാര്യത്തില്‍ രാഹുലിന്റെ പ്രതികരണം.

കേന്ദ്രനേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും പ്രചാരണങ്ങളില്‍ ബിജെപി ഉയര്‍ത്തിക്കാണിച്ചത് ഫലം കണ്ടില്ല. കോണ്‍ഗ്രസാകട്ടെ പ്രാദേശിക വിഷയങ്ങളില്‍ ഉറച്ചുനിന്നു. കോഫി ഷോപ്പുകളിലും സിറ്റി ബസുകളിലും വരെ രാഹുല്‍ കയറി ജനങ്ങളുമായി നേരിട്ട് സംവദിച്ചു. സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യയാത്ര നല്‍കുന്ന സഖി സ്‌കീമും കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. വിലക്കയറ്റവും ജോലി വാഗ്ദാനവും തൊഴില്‍ സാധ്യതകളും രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംസാരിച്ചു. ബംഗളൂരുവിലെ എയര്‍ലൈന്‍സ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരുമായും ഡെലിവറി ബോയ്സുമാരുമായും വരെ രാഹുല്‍ സംസാരിച്ചു.

ഈ സമയങ്ങളിലെല്ലാം പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തി വോട്ട് പിടിക്കാനുള്ള തന്ത്രം ബിജെപി പയറ്റിക്കൊണ്ടിരുന്നു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ജയ് ബജ്റംഗ് ബലി എന്ന് വിളിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭീകരപ്രവര്‍ത്തകരെ സ്വതന്ത്രരാക്കിയെന്നും ആഗോളതലത്തില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും വരെ മോദിയും ബിജെപിയും ആരോപിച്ചു.

സൗജന്യ വൈദ്യുതി, കുടുംബനാഥയ്ക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓരോ മാസവും 10 കിലോ വീതം ധാന്യം, തൊഴില്‍രഹിതരായ അഭ്യസ്ഥവിദ്യര്‍ക്ക് പ്രതിമാസ ധനസഹായം, സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര ഇങ്ങനെ ജനകീയ ആവശ്യങ്ങള്‍ നടപ്പാക്കുമെന്നുള്ള കോണ്‍ഗ്രസിന്റെ ഉറപ്പ് ജനങ്ങള്‍ വിശ്വാസത്തിലെടുത്തുവെന്ന് വേണം കരുതാന്‍. ഇതിനിടെ സംഘപരിവാര്‍ സംഘടന ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോണ്‍ഗ്രസ് ഉയര്‍ത്തി.