ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധന രീതി നടപ്പാക്കും: മന്ത്രി സജി ചെറിയാൻ

തിരൂർ നിയോജക മണ്ഡലം 'തീരസദസ്സ്' മന്ത്രി ഉദ്ഘാടനം ചെയ്തു

 

പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് പകരം കൂടുതൽ സുരക്ഷിതവും ആധുനികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധന രീതി നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പറവണ്ണ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തിരൂർ നിയോജക മണ്ഡലം തീരസദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന-ക്ഷേമകാര്യ പ്രവർത്തനങ്ങൾ എത്രത്തോളം മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമായി എന്നറിയുന്നതിനാണ് തീരസദസ്സ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഫിഷറീസ് മേഖലയിൽ മൂല്യ വർധിത ഉത്പന്നങ്ങളുടെ ശൃംഖല സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളികൾ ഇൻഷൂറൻസ് എടുക്കുന്നതിൽ വിമുഖത കാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മത്സ്യതൊഴിലാളികളെയും കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവ വഴിയുള്ള ആനുകൂല്യങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.

 

പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ എന്നിവർ മുഖ്യാതിഥികളായി. തീര സദസ്സിലും അതിന് മുന്നോടിയായി നടന്ന മുഖാമുഖം ചർച്ചയിലും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീൻ, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, സബ് കളക്ടർ സച്ചിൻകുമാർ യാദവ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് കമ്മീഷണർ ഒ. രേണുകാദേവി, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്‌സൽ, എ.ഡി.എം എൻ.എം മെഹറലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൗസിയ നാസർ, വെട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ സിനി ഗണേഷൻ, മത്സ്യഫെഡ് ബോർഡ് അംഗം പി.പി സൈതലവി എന്നിവർ പങ്കെടുത്തു. ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള റിപ്പോർട്ട് അവതരണം നടത്തി. ജനപ്രതിനിധികൾ, ഫിഷറീസ് ഡയറക്ടർ, മത്സ്യഫെഡ്, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാന്മാർ, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്‌കാരിക നേതാക്കൾ, വിവിധ വകുപ്പ് മേധാവികൾ, സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ, സാഫ്, ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗങ്ങൾ, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.