2 ഏക്കറിൽ ടാങ്ക്, അതിനുള്ളിൽ 14 വീടുകൾ, ഡാം വരെ സെറ്റിട്ടു; ‘2018’ലെ ടെക്നിക്കൽ ബ്രില്യൻസ് ഇങ്ങനെ

ഓരോ നല്ല സിനിമയും വാഴ്ത്തപ്പെടുക അതിലെ ചില പ്രത്യേക ഘടകങ്ങളുടെ മികവിന്റെ പേരിലായിരിക്കും. അതു ചിലപ്പോൾ സംവിധാനമാകാം, തിരക്കഥയാകാം, ഛായാഗ്രഹണമാകാം, അഭിനേതാക്കളുടെ പ്രകടനമാകാം അങ്ങനെ എന്തെങ്കിലുമൊക്കെ. പക്ഷേ 2018 കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറയാനുണ്ടാകുക അതിലെ ടെക്നിക്കൽ ബ്രില്ല്യൻസിനെക്കുറിച്ചും മെയ്ക്കിങ്ങിനെക്കുറിച്ചുമാണ്. പ്രളയത്തിന്റെ കഥ പറഞ്ഞ് തിയറ്ററുകളിൽ ജനപ്രളയം സൃഷ്ടിച്ച് മുന്നേറുന്ന ഈ സിനിമയിൽ പ്രളയം എങ്ങനെ പുനരാവിഷ്ക്കരിച്ചു എന്ന് പലരും അദ്ഭുതം പൂണ്ടു. എന്നാൽ വലിയ ബ്രില്ല്യൻസൊന്നുമല്ല ഇതിനു പിന്നിലുള്ളതെന്നും ചെറിയ ബുദ്ധി മാത്രമാണെന്നും ഒരേ സ്വരത്തിൽ പറയുകയാണ് ചിത്രത്തിന്റെ അണിയറക്കാർ. 2018 എങ്ങനെ ചിത്രീകരിച്ചു എന്ന് കലാസംവിധായകൻ മോഹൻദാസ്, ക്യാമറാമാൻ അഖിൽ ജോർജ്, എഡിറ്റർ ചമൻ ചാക്കോ എന്നിവർ‌ പറയുന്നു.

പ്രളയ കലാസംവിധാനം

മോഹൻദാസ്: വൈക്കത്തെ 12 ഏക്കർ വരുന്ന പുരയിടത്തിനെ രണ്ടായി ഭാഗിച്ചു. അതിൽ ഒരിടത്ത് ഒരു ഗ്രാമത്തിന്റെ സെറ്റുണ്ടാക്കി. 2 ഏക്കർ സ്ഥലത്ത് പ്രളയമുണ്ടാക്കാനായി വലിയ ടാങ്ക് പണിതു. സിനിമയിലെ പല ആവശ്യങ്ങൾക്കായി ചെറുതും വലുതുമായ 4 ടാങ്കുകളാണ് ആകെ പണിതത്. 14 വീടുകൾ നിർമിച്ചു. 14 വീടുകളെന്നാൽ അതിന്റെ മുൻഭാഗവും പിൻഭാഗവും വെവ്വേറെ വീടുകളാക്കി ഉപയോഗിക്കാൻ പാകത്തിനാണ് ഉണ്ടാക്കിയത്. അതായത് 14 എണ്ണം 28 വീടുകളുടെ ഫലം ചെയ്തു. ഓരോ സീനിനും ആവശ്യമായ വീടുകൾ ക്രെയിനുപയോഗിച്ച് ടാങ്കിൽ വച്ചു. പിന്നീട് സീൻ മാറുന്നതിനനുസരിച്ച് വീടുകളും മാറ്റി. സിനിമയിൽ കാണിക്കുന്ന കവലയും ഇതിനോടു ചേർന്നു തന്നെയാണ് സെറ്റിട്ടത്. 44 സീക്വൻസുകളാണ് ആകെ പ്രളയത്തിനുണ്ടായിരുന്നത്. എല്ലാം ഈ സെറ്റിൽ തന്നെയാണ് ചെയ്തത്. രണ്ടു തവണ ടാങ്ക് പൊട്ടി വെള്ളം പോയി ഷൂട്ടൊക്കെ നിന്നു പോയിട്ടുണ്ട്.

അഖിൽ ജോര്‍ജ്: വെള്ളത്തിലെ ഷൂട്ട് വലിയ വെല്ലുവിളിയായിരുന്നു. വെള്ളത്തിലായതു കൊണ്ട് ട്രാക്ക് ഇടാൻ പറ്റില്ല. തെർമോക്കോളിൽ ക്യാമറ വച്ചാണ് ആദ്യം ഷൂട്ട് ചെയ്തത്. പക്ഷേ പൊക്കക്കൂടുതൽ മൂലം അത് ശരിയായില്ല. പ്രളയകാലത്ത് സംഭവിച്ചതു പോലെ ചെമ്പിൽ ആളെ കയറ്റുന്ന സീൻ ഷൂട്ട് ചെയ്തപ്പോഴാണ് ചെമ്പിൽ‌ ക്യാമറ വച്ചാലോയെന്നു ഒരു ഐഡിയ തോന്നിയത്. പരീക്ഷിച്ചു നോക്കി വിജയിച്ചതോടെ പിന്നീടുള്ള ഷൂട്ട് മുഴുവൻ ബിരിയാണിച്ചെമ്പിൽ ക്യാമറ വച്ചായിരുന്നു. ട്രാക്കിന്റെ നീളത്തിന് പരിധിയുണ്ട്, പക്ഷേ ചെമ്പ് വെള്ളമുള്ളിടത്തോളം പോകുമല്ലോ.

ചമൻ ചാക്കോ: ഷൂട്ട് തുടങ്ങും മുമ്പ് തന്നെ എല്ലാ സീനിന്റെയും ഫുൾ ഷോട്ട് ഡിവിഷൻ കിട്ടിയിരുന്നു. അപ്പോൾ തന്നെ ജൂഡ് മച്ചാന് പണി അറിയാമെന്നു മനസ്സിലായി. പല ഷോട്ടുകളും സ്റ്റോറി ബോർഡ് മാതൃകയിൽ വരച്ചു സൂക്ഷിച്ചിരുന്നു. അത് വച്ചാണ് ഷൂട്ട് ചെയ്തത്രയും.

ടാങ്കിലുണ്ടാക്കി കടലും തിരമാലയും

മോഹൻദാസ്: തിരക്കഥയിലെ കടൽ രംഗം വായിച്ചപ്പോൾ മുതൽ അതെങ്ങനെ ഷൂട്ട് ചെയ്യാമെന്ന് ആലോചിച്ചിരുന്നു. എന്തായാലും നമ്മുടെ സാഹചര്യങ്ങൾ വച്ച് കടലിൽ പോയി ഷൂട്ട് ചെയ്യാൻ സാധിക്കില്ലല്ലോ. പിന്നെ ടെക്നോളജി തേടി പോയി. പക്ഷേ ‌താങ്ങാനാവാത്ത ബജറ്റ് ആയതിനാൽ അതും ഉപേക്ഷിച്ചു. അങ്ങനെ കടൽ രംഗം ഇൗ ടാങ്കിൽ തന്നെ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. കടൽക്ഷോഭവും തിരമാലകളും വരുത്താൻ ചെറിയ ഒരു ടെക്നിക്ക് ഉപയോഗിച്ചു. അതെന്താണെന്നു വെളിപ്പെടുത്തുന്നില്ല. പുതിയ ബോട്ടുകൾ വാങ്ങാൻ വലിയ ചിലവ് വരുമെന്നതിനാൽ ചെറിയ 5 ബോട്ടുകൾ വാങ്ങി പെയിന്റടിച്ച് ഒരുക്കി. കപ്പലും വൈഡ് ഷോട്ടിന്റെ ബാക്ക്ഗ്രൗണ്ടുകളും വിഎഫ്എക്സ് നിർമിതിയാണ്. എന്നാൽ വളരെക്കുറച്ച് മാത്രമാണ് വിഎഫ്എക്സ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അഖിൽ: തിരമാല ഉണ്ടാക്കുന്നതൊന്നും വലിയ ബ്രില്യൻസ് വേണ്ട പരിപാടിയല്ല. അത്യാവശ്യം ലോജിക്ക് ഉണ്ടെങ്കിൽ ആർക്കും ചെയ്യാവുന്നതാണ്. ഹോളിവുഡിലൊക്കെ നേരത്തെ തന്നെ ചെയ്തിട്ടുള്ളതുമാണ്. പക്ഷേ മലയാളത്തിൽ നടത്തിയെടുത്തതിലാണ് നമ്മൾ വിജയിച്ചത്. ക്ലോസ് ഷോട്ടുകളെല്ലാം ഒറിജിനലായി തന്നെ ഷൂട്ട് ചെയ്തതാണ്. ഡെപ്ത്തുള്ള വൈഡ് ഷോട്ടുകളിൽ മാത്രമാണ് വിഎഫ്എക്സ് ഉപയോഗിച്ചിട്ടുള്ളത്.

ചമൻ: ഷൂട്ടിനിടയിൽ ഞാനും പലപ്പോഴും സെറ്റിൽ പോകാറുണ്ടായിരുന്നു. കടൽ സീക്വൻസ് മുഴുവൻ സ്റ്റോറി ബോർഡ് ആക്കി പേപ്പറിൽ വരച്ചിരുന്നു. അതിനനുസരിച്ചായിരുന്നു ഓരോ ഷോട്ടും എടുത്തത്. ഓരോന്നും കഴിഞ്ഞ് ആവേശത്തോടെ പേപ്പറുകൾ ഓരോന്നു വലിച്ചു കീറി കളയുമ്പോൾ‌ സന്തോഷവും സംതൃപ്തിയുമായിരുന്നു.

ഹാൻഡ് മെയ്ഡ് ഹെലിക്കോപ്റ്റർ 

മോഹൻദാസ്: ഹെലിക്കോപ്റ്റർ ലിഫ്റ്റിങ് സീൻ തിരക്കഥയിൽ വെറും 6 വാചകമായിരുന്നു. പക്ഷേ ചിത്രത്തിലെ ഏറ്റവും ഇംപാക്റ്റ് ഉള്ള സീനെന്ന് എല്ലാവരും പറയുന്നതും ഇതാണ്. ആ സീനിലുള്ള ഹെലിക്കോപ്റ്റർ ആർട്ട് ടീം നിർമിച്ചതാണ്. ആദ്യം ഒരു ഹെലിക്കോപ്റ്റർ നേരിൽ പോയി കണ്ടു, പിന്നെ പല ചിത്രങ്ങൾ റെഫർ ചെയ്തു. അങ്ങനെ ഒരെണ്ണം ഉണ്ടാക്കി. പിന്നീട് ഈ ഹെലിക്കോപ്റ്റർ വലിയ ക്രെയിനിൽ കയറ്റി പൊക്കി മുകളിൽ തൂക്കി. എയർലിഫ്റ്റിങ്ങിനായി സാധാരണ ഹെലിക്കോപ്റ്ററുകളിൽ കാണും പോലുള്ള റോപ്പും മോട്ടറും ഉപയോഗിച്ച് സംവിധാനം ഒരുക്കി. ഹെലിക്കോപ്റ്ററിനും മുകളിലായിരുന്നു മഴയ്ക്കും കാറ്റിനുമുള്ള ക്രെയിൻ സെറ്റ് ചെയ്തത്.

അഖിൽ ജോർജ്: ആ സീൻ ഷൂട്ട് ചെയ്യുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. 8 രാത്രികൾ കൊണ്ടാണ് അതു പൂർത്തീകരിച്ചത്. വെള്ളപ്പൊക്ക സീനുകൾ ഷൂട്ട് ചെയ്യുന്നതിനൊക്കെ മുമ്പ് ആദ്യം ചെയ്ത സീനും ഇതാണ്. മുകളിൽ നിന്നു താഴേക്കും തിരിച്ചു മുകളിലേക്കുമൊക്കെ ക്യാമറയുമായി മാറി മാറി ഷൂട്ട് ചെയ്യുകയെന്നത് അത്യാവശ്യം നല്ല ബുദ്ധിമുട്ട് തന്നെയായിരുന്നു. ഹെലിക്കോപ്റ്ററിൽ നിന്ന് താഴേക്കു നോക്കുന്ന സീൻ ഉയരം കുറച്ച് ഗ്രീൻ മാറ്റിൽ ഷൂട്ട് ചെയ്യാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അതു ഒറിജിനലായി ചെയ്യാമെന്നു വച്ചു. അങ്ങനെ ക്രെയിനിൽ തൂക്കിയ ഹെലിക്കോപ്റ്ററിന്റെ വാതിലിനടുത്ത് നിന്ന് 15 കിലോ വരുന്ന ക്യാമറ പുറത്തേക്ക് നീട്ടി ഫ്രെയിമൊപ്പിച്ച് ഷൂട്ട് ചെയ്തു. അസിസ്റ്റന്റ്സെല്ലാം ഒപ്പം നിന്നതിനാൽ പേടിയുണ്ടായിരുന്നെങ്കിലും ചിത്രീകരണം പൂർത്തീകരിച്ചു.

ചമൻ: 165 ഷോട്ട് ആണ് ആകെ ആ സീനിലുള്ളത്. അതെല്ലാം കൂടി മ്യൂസിക്ക് ഒക്കെ ഇട്ട് എഡിറ്റ് ചെയ്തു കഴിഞ്ഞ് ഫൈനൽ ഔട്ട്‌പുട്ട് കണ്ടപ്പോൾ എല്ലാവർക്കും ആവേശവും ആത്മവിശ്വാസവുമായി. ഈ സിനിമയുടെ മുന്നോട്ടുള്ള ഊർജം പോലും ഈ സീനായിരുന്നു. എഡിറ്റിങ് ടേബിളിൽ ഒരുപാട് തവണ ഈ സീൻ കണ്ടെങ്കിലും ഇപ്പൊഴും തിയറ്ററിൽ കാണുമ്പോൾ രോമാഞ്ചമാണ്.

ഓവറാക്കാതെ അണ്ടർവാട്ടർ രംഗങ്ങൾ

മോഹൻദാസ്: ഈ സിനിമയിലെ അണ്ടർ വാട്ടർ രംഗങ്ങളെല്ലാം നേരത്തെ പറഞ്ഞ സെറ്റിൽ തന്നെയാണ് ചിത്രീകരിച്ചത്. അതിനായി മാത്രം 16 അടി പൊക്കത്തിൽ ഒരു ടാങ്ക് ഉണ്ടാക്കി. പിന്നീട് വീടുകളും മരവും മറ്റും ഇതിലേക്ക് ക്രെയിൻ ഉപയോഗിച്ച് ഇറക്കുകയായിരുന്നു. സുധീഷിന്റെ വീട്ടിലെ രംഗങ്ങളൊക്കെ ഈ രീതിയിൽ തന്നെ ഒരുക്കിയതാണ്. ഇന്ദ്രൻസേട്ടൻ വെള്ളത്തിൽ വീഴുന്ന രംഗങ്ങളും ചിത്രീകരിച്ചത് ഇതേ ടാങ്കിലാണ്.

അഖിൽ: സാധാരണ അണ്ടർവാട്ടർ രംഗങ്ങൾ ഏതെങ്കിലും സ്റ്റുഡിയോയിലോ സ്വിമ്മിങ് പൂളിലോ ആണ് ചെയ്യാറുള്ളത്. പക്ഷേ ഈ ചിത്രത്തിൽ നമ്മൾ ഉപയോഗിച്ച പ്രോപ്പർ‌ട്ടികൾ തന്നെ നമുക്ക് അണ്ടർവാട്ടറിലും വേണമായിരുന്നു. ഉദാഹരണത്തിന് സുധീഷേട്ടന്റെ കഥാപാത്രത്തിന്റെ വീടും അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വീണ മരവും അതിലെ വെട്ടുകത്തിയും വരെ കരയിലും വെള്ളത്തിനടിയിലും വേണമായിരുന്നു. അത്തരം പ്രോപ്പർട്ടികൾ വെള്ളത്തിലിറക്കാൻ ആരും സമ്മതിച്ചില്ല. അതോടെയാണ് അതും സെറ്റിടുന്നത്. പിന്നീട് ബോംബെയിൽ നിന്ന് അണ്ടർവാട്ടർ ഷൂട്ടിങ്ങിൽ പരിചയസമ്പന്നരായ ആറംഗ ടീമിനെ വിളിച്ചു വരുത്തി. അവർക്ക് സീനും മറ്റും വിവരിച്ചു കൊടുത്തു. അവരാണ് വെള്ളത്തിനടിയിലെ രംഗങ്ങൾ ചെയ്തത്. വെള്ളത്തിൽ ഉപയോഗിക്കാവുന്ന സ്പീക്കറുകൾ ഉൾപ്പടെയുള്ള ആധുനിക സജ്ജീകരണങ്ങളുമായാണ് അവരെത്തിയത്. ആ സ്പീക്കറുകളിലൂടെ അവർക്ക് നിർദേശം കൊടുത്ത് ഷൂട്ട് ചെയ്യിച്ചു.

ഡാം മുതൽ തോട് വരെ കൈപ്പണി

മോഹൻദാസ്: ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഡാം സെറ്റിട്ടതാണ്. വൈഡ് ഷോട്ടിൽ വിഎഫ്എക്സ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ക്ലോസ് ഷോട്ടുകൾ എല്ലാം ആർട് ടീം ഒരുക്കിയ സെറ്റാണ്. ഡാമിന്റെ ഷട്ടർ ഉയരുന്നതും മരം വന്ന് തങ്ങി നിൽക്കുന്നതും തുടങ്ങി എല്ലാം കലാസംവിധാനം തന്നെ. 500–ഒാളം ആളുകളാണ് ഈ സിനിമയുടെ പല ഘട്ടങ്ങളിലായി എനിക്കൊപ്പം പ്രവർത്തിച്ചത്. ഏതാണ്ട് ഏഴരക്കോടി രൂപയാണ് ചിത്രത്തിന്റെ കലാസംവിധാനത്തിനു വേണ്ടി മാത്രം ചിലവിട്ടതും. കോവിഡ് മൂലം ഈ സിനിമ നിന്നു പോയ സമയത്താണ് ജൂഡ് ‘സാറാസ്’ എന്ന കുഞ്ഞു സിനിമ ചെയ്യുന്നത്. പക്ഷേ അന്നും ജൂഡ് സംസാരിച്ചത് ഈ സിനിമയെക്കുറിച്ചാണ്. അയാളുടെ ഉള്ളിലെ ആ തീ അണഞ്ഞിട്ടില്ലെന്നു അന്നെനിക്ക് മനസ്സിലായി. പിന്നീട് ഈ സിനിമ ഓൺ ആയപ്പോൾ എന്തു ചെയ്തും ഭംഗിയാക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ.

അഖിൽ: 5 വർഷം കൊണ്ട് ഈ സിനിമയുടെ സംവിധായകനൊഴികെ എല്ലാവരും മാറി. ക്യാമറാമാനായി ആദ്യം ജോമോൻ ചേട്ടന്റെ പേരാണ് വച്ചിരുന്നത്. പിന്നീട് 8 പേരോളം ഈ സിനിമയുമായി സഹകരിക്കാനായി വന്നെങ്കിലും പലരും ഇത്തരത്തിൽ ഒരു സിനിമ ചിത്രീകരിക്കാൻ സാധിക്കില്ലെന്നു പറഞ്ഞതായാണ് അറിവ്. ഈ സിനിമ എനിക്കും വെല്ലുവിളിയായിരുന്നു. പക്ഷേ ഇപ്പോൾ ഓർക്കുമ്പോൾ ഇതു ചെയ്തില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നെന്ന് ഉറപ്പ്.