പുതിയ ട്രാഫിക് നിയമ പരിഷ്‌കരണവുമായി യുഎഇ; ലംഘിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ
അടിയന്തര സാഹചര്യങ്ങളിലും മോശം കാലാവസ്ഥയിലും സുരക്ഷ ഉറപ്പാക്കാനായി ട്രാഫിക് നിയമങ്ങളില്‍ മാറ്റവുമായി യുഎഇ. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് പുതിയ മാറ്റങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാറ്റത്തിന്റെ ഭാഗമായി 1997ലെ മന്ത്രിതല പ്രമേയം നമ്പര്‍ 130ലെ ആര്‍ട്ടിക്കിള്‍ 1ലും 1995ലെ 21ാം നമ്പര്‍ ഫെഡറല്‍ നിയമത്തിന്റെ നടപ്പാക്കല്‍ ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണ് നിയമങ്ങളിലെ മാറ്റം. നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് പുറമേ ബ്ലാക് പോയിന്റുകളുമുണ്ടാകും. മഴ, മഴവെള്ളത്തിന്റെ ഒഴുക്ക്, കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങള്‍ എന്നിവയാണ് അപകടസാഹചര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിയമങ്ങള്‍ ലംഘിച്ചാല്‍ 1000 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് പിഴ. പുതുക്കിയ നിരക്കാണിത്. മഴയുള്ള കാലാവസ്ഥയില്‍ താഴ്വരകളിലോ വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലോ അണക്കെട്ടുകളിലോ സന്ദര്‍ശിക്കുന്നതിന് 1,000 ദിര്‍ഹം പിഴ ചുമത്തും. ഗതാഗതം നിയന്ത്രണത്തോട് സഹകരിക്കാതിരിക്കുകയോ അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും ആംബുലന്‍സ്, റെസ്‌ക്യൂ വാഹനങ്ങള്‍ എന്നിവയ്ക്ക് തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ 1,000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹന 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.