32 വർഷത്തെ സേവനത്തിന് ശേഷം തുഞ്ചൻ ഗവ.കോളേജ് പ്രൊഫസർ അഹ്മദ് കുട്ടി ഇന്ന് വിരമിക്കുന്നു: അതേ കോളേജിൽ ഗവേഷണ വിദ്യാർഥി യായിരിക്കേയാണ് വിരമിക്കൽ

തിരൂർ : തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ് അറബിക് ഗവേഷണ വിഭാഗം അസി. പ്രൊഫസർ അഹ്മദ് കുട്ടി 32 വർഷത്തെ അറബി ഭാഷ മേഖലയിലെ മികച്ച സേവനത്തിനു ശേഷം സർവീസിൽ നിന്നു വിരമിക്കുന്നു. എന്നാൽ അദ്ദേഹം ഇപ്പോഴും അതേ കോളേജിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി തുഞ്ചൻ ഗവ.കോളേജ് അറബിക് ഗവേഷണ വിഭാഗത്തിൽ ഡോ. ജാഫർ സാദിഖിന് കീഴിൽ അറബി സാഹിത്യത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. 1990 ൽ ഒഴൂർ സി പി. പോക്കർ ഹാജി സ്മാരക ഹൈസ്കൂളിൽ വെച്ചാണ് അധ്യാപക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 2004 മുതൽ തിരൂർ ഗവ. ഹയർ സെക്കണ്ടറി ബോയ്സ് സ്കൂളിൽ സേവനം ചെയ്തു. 2014 മുതലാണ് തുഞ്ചൻ സ്മാരക ഗവ. കോളേജ് അറബിക് ഗവേഷണ വിഭാഗത്തിൽ അസി. പ്രൊഫസറായി അദ്ദേഹത്തിനു നിയമനം ലഭിക്കുന്നത്. ആനപ്പടി എൽ. പി, പരപ്പേരി യു. പി, കെ. എച്ച്. എം. എച്ച്. എസ്‌. എസ്‌ സ്കൂൾ, അൽ അൻസാർ അറബിക് കോളേജ്‌ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് അഹ്മദ് കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. സ്കൂൾ അധ്യാപകനായിരിക്കേ എം. ജി യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിലും കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ആത്മാർത്ഥത, സ്ഥിരോൽസാഹം, കൃത്യനിഷ്ഠത, ഉർജ്ജ്വസ്വലത എന്നീ ഗുണങ്ങൾകൊണ്ട് വ്യതിരി ക്തനായ അഹ്മദ് കുട്ടി സേവനം ചെയ്ത കലാലയങ്ങളിൽ പഠന കാര്യങ്ങളിൽ എന്ന പോലെ വിവിധ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു.