പൊണ്ണത്തടിയും കുടവയറും കുറയ്ക്കണമെങ്കില്‍ രാത്രി ചോറ് കഴിക്കരുത്; പകരം കഴിക്കാവുന്ന ഭക്ഷണ സാധനങ്ങള്‍ ഇതാ..!

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഏറ്റവും പ്രധാനമായി വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. മൂന്ന് നേരവും അമിതമായി അന്നജം അകത്തേക്ക് വിടുന്ന ശീലമാണ് പൊതുവെ മലയാളികള്‍ക്കുള്ളത്. അതുകൊണ്ട് തന്നെയാണ് പൊണ്ണത്തടിയും കുടവയറും സാധാരണയായി മലയാളികളില്‍ കാണുന്നത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളില്‍ കുറച്ച്‌ ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റും പഞ്ചസാരയും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ പരമാവധി രാത്രി ഒഴിവാക്കണം.

പലരും ഉച്ചയ്ക്ക് എന്നതുപോലെ രാത്രിയും ചോറ് കഴിക്കാറുണ്ട്. ഇത് വണ്ണം കൂടാന്‍ കാരണമാകും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴത്തിനു ചോറിന് പകരം കഴിക്കേണ്ട ഭക്ഷണ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

രാത്രി ചോറിന് പകരം ഓട്‌സ് കഴിക്കുന്നത് നല്ലതാണ്. ഒരു കപ്പ് ഓട്‌സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓട്‌സ് സഹായിക്കും.

ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയാനും ഭാരം കുറയ്ക്കാനും സഹായിക്കും. അരിയാഹാരത്തില്‍ ഫൈബര്‍, ഫാറ്റ്, കലോറി എന്നിവ കൂടുതലാണ്.

ഫൈബര്‍ സമ്ബന്നമായതും ഫാറ്റ് കുറഞ്ഞതുമായ ഉപ്പുമാവ് രാത്രി ചോറിന് പകരം കഴിക്കുന്നത് നല്ലതാണ്.

രാത്രി ഒരു ആപ്പിള്‍ മാത്രം കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ആപ്പിള്‍ അതിവേഗം വിശപ്പ് ശമിപ്പിക്കും.

പഴങ്ങള്‍ കൊണ്ടുള്ള സാലഡ് രാത്രി കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്‌ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍.

ഫൈബര്‍ ധാരാളം അടങ്ങിയ നട്‌സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. ബദാം, വാള്‍നട്‌സ്, പിസ്ത തുടങ്ങിയ നട്‌സുകള്‍ രാത്രി കഴിക്കുന്നത് നല്ലതാണ്.