ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ അറിയാം

യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉള്‍പ്പെടെ എത്രയോപേര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകളാണ് ദിവസവും നമുക്കുമുന്നില്‍ നിറയുന്നത്. മാനസികസമ്മര്‍ദം കൈകാര്യംചെയ്യുന്നതിനുള്ള ഒരു മാര്‍ഗമെന്നനിലയില്‍ പതിവായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് യഥാര്‍ഥത്തില്‍ വിപരീതഫലമാണ് സൃഷ്ടിക്കുന്നത്. ഇവ ഉപയോഗിച്ചതിനുശേഷം, അതിന്റെ പ്രഭാവം കഴിഞ്ഞാല്‍ വീണ്ടും അതേ സമ്മര്‍ദം നേരിടേണ്ടിവരും. അത് വീണ്ടും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കും. അങ്ങനെ ഒരു ദൂഷിതചക്രം സൃഷ്ടിക്കപ്പെടും.

ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധങ്ങളെ ബാധിക്കും. ലഹരിവസ്തുക്കള്‍ നല്‍കുന്ന ആനന്ദം ക്ഷണികമെങ്കിലും അവയുടെ പാര്‍ശ്വഫലങ്ങള്‍ എന്നും നിലനില്‍ക്കുന്നതായിരിക്കും. ഈ പാര്‍ശ്വഫലങ്ങളില്‍ പലതും ബുദ്ധി, ബോധം, ഓര്‍മ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവയുമായിരിക്കും. ഏകാഗ്രത നഷ്ടം, പ്രശ്നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാര്‍ശ്വഫലങ്ങളാണ്.

ഒപ്പമുള്ളവരിലും ഒത്തുകൂടുന്നവരിലും ഇത്തരം അപകടസാധ്യതകള്‍ തെളിയുന്നുണ്ടോ എന്ന് പരിശോധിക്കാനോ കണ്ടുപിടിക്കാനോ കഴിഞ്ഞാല്‍, ചിലപ്പോള്‍, ചിലര്‍ക്കെങ്കിലും ജീവിതം തിരിച്ചുപിടിക്കാനായേക്കും.

ലക്ഷണങ്ങള്‍

മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗലക്ഷണങ്ങള്‍ അറിയാം.

ചുരുങ്ങിയ കൃഷ്ണമണികളും ചോരക്കണ്ണുകളും, വിളര്‍ച്ച, ഭാരക്കുറവ്, ഭക്ഷണം, ഉറക്കം എന്നിവയുടെ രീതികളില്‍ മാറ്റം, ശരീരത്തില്‍ പോറലുകളും മുറിപ്പാടുകളും, വ്യക്തിശുചിത്വം പാലിക്കാൻ വിമുഖത, കൂട്ടുകെട്ടുകളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍, മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള രഹസ്യസ്വഭാവം, പ്രിയപ്പെട്ടതായിരുന്ന പലതിലും താത്പര്യക്കുറവ്, ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ, ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, അടിക്കടി മാറുന്ന വൈകാരികാവസ്ഥ, അനാവശ്യമായ വാദപ്രതിവാദങ്ങള്‍, മടി, ക്ഷീണം, രോഷം, ആകാംക്ഷ, വിഷാദം, അപകടസാധ്യതകള്‍ ഗൗനിക്കാതെയുള്ള എടുത്തുചാട്ടം, സ്വയം ഉപദ്രവിക്കാൻ ശ്രമിക്കുക, അക്രമം, മോഷണം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. മദ്യം/മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ കാണുന്ന മൂന്ന് ലക്ഷണങ്ങള്‍ ചികിത്സ അത്യാവശ്യമാണെന്ന സൂചനയാണ് നല്‍കുന്നത്.

ഉപയോഗിക്കുന്ന മയക്കു മരുന്നിന്റെ/മദ്യത്തിന്റെ അളവ്, ക്രമേണ കൂടിക്കൂടി വരുക.
ചിന്തകളിലും പ്രവൃത്തികളിലും, മദ്യം, മയക്കുമരുന്ന് എന്നിവയോട് ആസക്തി, ആശ്രയത്വം.
ലഹരി ഉപയോഗിക്കാതിരിക്കുമ്ബോള്‍ പനി, ജലദോഷം, വെപ്രാളം, വിറയല്‍ എന്നിവ ഉള്‍പ്പെടുന്ന ലക്ഷണങ്ങള്‍.
എന്താണ് പ്രതിവിധി ?

വ്യക്തിയുമായി ശാന്തമായി സംസാരിക്കുക. അഭിപ്രായങ്ങളും ചോദ്യങ്ങളും ശ്രദ്ധിക്കുക. കാഴ്ചപ്പാടുകള്‍ അറിയുക. പ്രഭാഷണങ്ങളും ഭയപ്പെടുത്തുന്ന തന്ത്രങ്ങളും ഒഴിവാക്കുക. തുടക്കത്തില്‍ രസത്തിനുവേണ്ടിയുള്ള മയക്കുമരുന്ന് ഉപയോഗം അമിതമായ ഉപയോഗമോ ആസക്തിയോ ആയി മാറുകയും അപകടങ്ങള്‍, നിയമപരമായ പ്രശ്നങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യും എന്ന് പറഞ്ഞുമനസ്സിലാക്കുക. ആരോഗ്യത്തെയും രൂപത്തെയും കായികശേഷിയെയും മയക്കുമരുന്ന് ഉപയോഗം എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് ഊന്നിപ്പറയുക.

വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ എവിടെയാണെന്നും സമയം ചെലവിടുന്നത് എങ്ങനെയെന്നും ശ്രദ്ധിക്കുക.
വഴിതെറ്റിക്കുന്ന സന്ദേശങ്ങളെ കൃത്യമായി വിശകലനംചെയ്യുക.
വ്യക്തിയുടെ സുഹൃത്തുക്കളെ അറിയുക. അവര്‍ മയക്കുമരുന്ന് ഉപയോഗിക്കുകയാണെങ്കില്‍, ആ വ്യക്തിയും ലഹരി പരീക്ഷിക്കാനുള്ള സമ്മര്‍ദം അനുഭവിച്ചേക്കാം.

കൂട്ടുകാരുടെ സമ്മര്‍ദത്തെ ചെറുക്കാനുള്ള വഴികള്‍, മയക്കുമരുന്ന് ഓഫറുകള്‍ എങ്ങനെ നിരസിക്കാം എന്നിവയെക്കുറിച്ച്‌ ഒരുമിച്ച്‌ ചര്‍ച്ചചെയ്യുക.
ചികിത്സയില്‍ പിന്തുണ നല്‍കുക. വ്യക്തിയിലല്ല, പെരുമാറ്റത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക, അനുഭവപാഠങ്ങള്‍ പങ്കിടുക. ശക്തമായ ഒരു ബന്ധം ലഹരിയില്‍നിന്ന് വ്യക്തിയെ പിന്തിരിപ്പിക്കാൻ സഹായിക്കും.
ആവശ്യമെങ്കില്‍, ഡോക്ടറെയോ കൗണ്‍സിലറെയോ മറ്റ് ആരോഗ്യപ്രവര്‍ത്തകരെയോ ബന്ധപ്പെടുക. ചികിത്സാപദ്ധതികള്‍ കൃത്യമായി നടപ്പാക്കുക.