അറഫാ സംഗമം പൂര്‍ത്തിയായി; ഹജ്ജ് തീര്‍ത്ഥാടകര്‍ മുസ്ദലിഫയിലേക്ക്
അറഫാ സംഗമം അവസാനിച്ചതോടെ ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങി. ഇന്ന് രാത്രി മുസ്ദലിഫയില്‍ കഴിയുന്ന ഹാജിമാര്‍ നാളെ രാവിലെ മിനായിലെ ജംറയില്‍ കല്ലേറ് കര്‍മം ആരംഭിക്കും.
അറഫാ സംഗമത്തില്‍ പങ്കെടുത്തവര്‍ നവജാത ശിശുവിനെ പോലെ പാപമുക്തരാണെന്നാണ് വിശ്വാസം. അതുകൊണ്ട് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയുമായാണ് തീര്‍ഥാടകര്‍ അറഫയില്‍ നിന്നു മടങ്ങിയത്. നമിറാ പള്ളിയില്‍ നടന്ന നമസ്‌കാരത്തിനും ഖുതുബയ്ക്കും സൗദി ഉന്നത പണ്ഡിത സഭാംഗം ശൈഖ് യൂസുഫ് ബിന്‍ സയീദ് നേതൃത്വം നല്‍കി.
48 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ വകവെയ്ക്കാതെ തീര്‍ഥാടകര്‍ അറഫയിലെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങി. ഏതാണ്ട് 8 കിലോമീറ്റര്‍ ആണ് അറഫയില്‍ നിന്നും മുസ്ദലിഫയിലേക്കുള്ള ദൂരം. സൂര്യന്‍ അസ്തമിച്ചതോടെ എല്ലാ തീര്‍ഥാടകരും ഒരുമിച്ചാണ് മുസ്ടലീഫയിലേക്ക് പുറപ്പെട്ടത്. മുസ്ദലിഫയിലെ തുറന്ന മൈതാനത്താണ് തീര്‍ഥാടകര്‍ ഇന്ന് രാത്രി കഴിച്ചുകൂട്ടുക. നാളെ മുതല്‍ മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കുന്നത് മുസ്ദലിഫയില്‍ നിന്നാണ്.
നാളെ മുതല്‍ മൂന്നു ദിവസം മിനായില്‍ താമസിച്ച് തീര്‍ഥാടകര്‍ ജംറകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കും. നാളെ രാവിലെ തീര്‍ഥാടകര്‍ മിനായില്‍ തിരിച്ചെത്തും. ബലിപെരുന്നാള്‍ ദിവസമായ നാളെയാണ് തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ളത്.