യാത്രാ ക്ലേശം രൂക്ഷം; ജങ്കാറും ബോട്ട് സര്‍വീസും ഇനിയും പുന:സ്ഥാപിച്ചില്ല
പൊന്നാനി: കൂട്ടായി പടിഞ്ഞാറെക്കരയെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്ന പ്രധാന ജലഗതാഗത മാര്‍ഗം തടസപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടു. നിരവധി വിദ്യാര്‍ത്ഥികളും മത്സ്യത്തൊഴിലാളികളും ആശ്രയിക്കുന്ന ഗതാഗത മാര്‍ഗം ഇപ്പോള്‍ പൂര്‍ണമായും സ്തംഭിച്ച സ്ഥിതിയാണ്. യാത്രാ നിരക്ക് 20 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പൊന്നാനി നഗരസഭ നിരസിച്ചതോടെയാണ് ജങ്കാര്‍ അതോറിറ്റി സര്‍വീസ് നിര്‍ത്തലാക്കിയത്. പിന്നീട് സര്‍വീസ് നടത്തിയിരുന്ന ബോട്ടിന് 20 രൂപാ നിരക്ക് നഗരസഭ അനുവദിച്ചെങ്കിലും താനൂര്‍ ബോട്ടപകടത്തോടെ ഈ സര്‍വീസും നിര്‍ത്തലാക്കി. ആവശ്യമായ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് നിര്‍ത്തലാക്കിയത്. ഒരു വര്‍ഷത്തോളമായി ജങ്കാര്‍ സര്‍വീസ് നിര്‍ത്തലാക്കിയിട്ട്. സര്‍വീസ് പുന:സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ മുന്‍കൈയ്യും എടുക്കുന്നില്ല.
പ്രധാന മത്സ്യബന്ധന ഹാര്‍ബറായ പൊന്നാനിയിലേക്ക് പടിഞ്ഞാറെക്കരയില്‍ നിന്നും എത്തിച്ചേരണമെങ്കില്‍ മംഗലം വഴി 17 കിലോമീറ്ററുകള്‍ കറങ്ങി വേണം എത്തിച്ചേരാന്‍. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും ഈ യാത്രാ ക്ലേശം അനുഭവിക്കുന്നു. പൊന്നാനിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ആശ്രയിക്കുന്ന ഗര്‍ഭിണികളടക്കം ഈ ദുരിതം പേറുകയാണ്. പടിഞ്ഞാറേക്കര, പൊന്നാനി ടൂറിസം മേഖലയിലും ആളുകളുടെ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ജലഗതാഗതം നിര്‍ത്തലായതിനു പിന്നാലെ പടിഞ്ഞാറെക്കരയില്‍ നിന്നും വൈകിട്ട് 6.45 ന് ശേഷം ബസ് സര്‍വീസുകള്‍ ഇല്ലെന്നത് പ്രദേശ വാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇരട്ടി പ്രഹരമുണ്ടാക്കുന്നു.