തിരൂരിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പാലങ്ങൾക്ക് കഴിയുമോ ?

റെയില്‍വേ മേല്‍പാലം രണ്ടാഴ്ചക്കകം തുറക്കും,  പൊന്‍മുണ്ടം-പൊലീസ് ലൈന്‍ ബൈപാസ് നിര്‍മ്മാണം ഉടന്‍, ഫ്‌ളൈ ഓവര്‍ സ്വപ്‌നം വിദൂരം

 

തിരൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ മാറി വരുന്ന ജനപ്രതിനിധികള്‍ പണികള്‍ പലതും പ്രയോഗിക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമാകുന്ന കാഴ്ചയാണ്. വര്‍ഷങ്ങളായി തൂണില്‍ കഴിയേണ്ടി വന്ന പാലങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം. താഴേപ്പാലം പാലം മാസങ്ങള്‍ക്ക് മുമ്പ് തുറന്നെങ്കിലും ഗതാഗതക്കുരുക്കിന് ഒരു കുറവും ഉണ്ടായിട്ടില്ല. നഗരത്തിലെ പ്രധാന മൂന്ന് പാലങ്ങള്‍ ഗതാഗത യോഗ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പാലങ്ങള്‍ ഗതാഗത യോഗ്യമാക്കുന്നത് നീണ്ടുപോകുകയാണ്.

ഏതു സമയവും നഗരം ഗതാഗതക്കുരുക്കിലാണ്. പൂങ്ങോട്ടുകുളം മുതല്‍ തലക്കടത്തൂര്‍ വരെ നീളുന്നു ഗതാഗതക്കുരുക്ക്. രാവിലെയും വൈകുന്നേരവും ഇതിന്റെ തോത് കൂടും. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ചമ്രവട്ടം പാലം വഴി ഏറ്റവും കുറഞ്ഞ ദൂരമാണ് തിരൂരിലൂടെ പോകന്ന പാത. മാത്രമല്ല കയറ്റങ്ങളും ഇറക്കങ്ങളുമില്ലാത്ത റോഡുകളാണ് തിരൂര്‍ വഴിയുള്ളത്. അതുകൊണ്ടു തന്നെ ചരക്ക്- കണ്ടെയ്നര്‍ ലോറികളെല്ലാം കടന്നു പോകുന്നത് തിരൂര്‍ വഴിയാണ്. 12 ചക്രവാഹനങ്ങളടക്കം തിരൂര്‍ വഴി പോയി തുടങ്ങിയതോടെയാണ് നഗരം അക്ഷരാര്‍ത്ഥത്തില്‍ കുരുക്കിലായത്.

ഈ പ്രശ്നം പരിഹരിക്കുന്നതിനായിരുന്നു തിരൂരില്‍ ഫ്ളൈ ഓവര്‍ എന്ന ആശയം മുന്നോട്ടു വയ്ക്കപ്പെട്ടത്. എന്നാല്‍ ഇന്നും ഫ്‌ളൈ ഓവര്‍ സ്വപ്‌നം വിദൂരമായി അവശേഷിക്കുകയാണ്. താഴേപ്പാലം ചര്‍ച്ചിന് മുന്‍പില്‍ നിന്നു തുടങ്ങി വൈദ്യുതി ഭവനു മുന്നിലെത്തുന്ന വിധത്തിലായിരുന്നു ഫ്ളൈ ഓവറിന്റെ നേരത്തെയുണ്ടായിരുന്ന പ്രോജക്റ്റ്. 2016 ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയയുടന്‍ വിഭാവനം ചെയ്ത കിഫ്ബി വഴിയായിരുന്നു ഫ്ളൈ ഓവര്‍ നിര്‍മാണം പ്ലാന്‍ ചെയ്തത്. ഇതിനായി അന്നത്തെ തിരൂര്‍ എംഎല്‍എ സി. മമ്മുട്ടി 50 കോടി രൂപയുടെ രണ്ടു പദ്ധതികളാണ് സമര്‍പ്പിച്ചത്. 1. താഴേപ്പാലം ഫ്ളൈ ഓവര്‍ 2. ബോട്ട് ജെട്ടി-തലക്കടത്തൂര്‍ ബൈപ്പാസും. ഇതിൽ താഴേപ്പാലം ഫ്ളൈ ഓവറിനു മാത്രമാണ് അനുമതി ലഭിച്ചത്. അനുമതി ലഭിച്ച ഫ്ളൈ ഓവര്‍ ഇപ്പോഴും ഫയലില്‍ തുടരുന്നു. നിലവിലെ എം.എല്‍.എ കുറുക്കോളി മൊയ്തീന്റെ നേതൃത്വത്തില്‍ വീണ്ടും ഫ്‌ളൈ ഓവറിനായി ശ്രമങ്ങള്‍ തുടര്‍ന്നു. ദൈര്‍ഘ്യമേറിയ ഫ്‌ളൈ ഓവറിനായും പ്രോജക്റ്റ് സമര്‍പ്പിച്ചു. ഫലമുണ്ടായില്ല. കോഴിക്കോട്-എറണാകുളം ഭാഗങ്ങളിലേക്ക് ദിനേന കൂടിവരുന്ന വാഹനങ്ങളുടെ കണക്കുകളും, നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ലുലു മാള്‍ ഉള്‍പ്പടെയുള്ള നിരവധി കച്ചവട കച്ചവട സ്ഥാപനങ്ങളിലേക്കുള്ള തിരക്കുകളും ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാരില്‍ നിന്നും ഫണ്ട് അനുവദിച്ചു കിട്ടിയില്ല. ഒടുവില്‍ ഫ്‌ളൈ ഓവര്‍ പദ്ധതി തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ്.

 

നഗരത്തിലെ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരത്തിനായി റയില്‍വേ മേല്‍പാലം വേഗത്തില്‍ തുറക്കുക എന്നതാണ് വഴി . ഇഴഞ്ഞു നീങ്ങുന്ന ഈ നിര്‍മ്മാണ പ്രവൃത്തി മൂലം സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ സിറ്റി വരെ കുരുക്ക് കൂടുതല്‍ മുറുക്കുകയാണ്. ട്രാഫിക് സിഗിനല്‍ സ്ഥാപിക്കാനുള്ള നടപടികളും ഇതുവരെയും എങ്ങുമെത്തിയിട്ടില്ല.

തിരൂരില്‍ നിന്നും പുത്തനത്താണി റോഡിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയുന്ന പൊന്‍മുണ്ടം-പൊലീസ് ലൈന്‍ ബൈപാസ് പതിറ്റാണ്ടുകാളായുള്ള ആവശ്യമാണ്. ഇതിനായി റെയില്‍വേ മേല്‍പാലം നിര്‍മ്മിച്ച് അപ്രോച്ച് റോഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നു. സ്ഥലം എം.പി ഇടി മുഹമ്മദ് ബഷീറിന്റെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര ഉപരിതല മന്ത്രാലയം സേതുബന്ദര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 കോടി രൂപ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നു. പദ്ധതിയുടെ ഡിസൈന്‍ നടപടികള്‍ തുടങ്ങി. മൂന്ന് മാസത്തിനകം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനാകുമെന്നാണ് കണക്കുകൂട്ടല്‍. പദ്ധതികള്‍ ഇനിയും വേഗത്തില്‍ നടപ്പിലായില്ലെങ്കില്‍ വലിയ വികസന മുരടിപ്പിനായിരിക്കും നാടും വരും തലമുറയും സാക്ഷ്യം വഹിക്കേണ്ടി വരിക.

അതേസമയം തിരൂരലെ റെയില്‍വേ മേല്‍പ്പാലം രണ്ടാഴ്ചക്കകം തുറന്നുകൊടുക്കുമെന്ന് എംഎല്‍എ കുറുക്കോളി മൊയ്‌തീൻ പറഞ്ഞു. ഉദ്ഘാടനവും ടാറിംഗും പിന്നീടായിരിക്കും. പെട്ടെന്ന് പാലം തുറന്ന് ഗതാഗത യോഗ്യമാക്കുന്നത് ചെറിയ ആശ്വാസമാകുമെന്നും, പൊന്‍മുണ്ടം-പൊലീസ് ലൈന്‍ അപ്രോച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തി മൂന്ന് മാസത്തിനകം തുടങ്ങാനാകുമെന്നും എം.എല്‍.എ പറഞ്ഞു.