ക്രിപ്‌റ്റോകറൻസി നിക്ഷേപം; 22 -ക്കാരന് 65 ലക്ഷം രൂപയുടെ നഷ്ടം !

ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിച്ചതിലൂടെ തനിക്ക് 67 ലക്ഷം രൂപ നഷ്ടമായതായി 22 കാരനായ ഗൂഗിൾ ടെക്കി. ഗൂഗിളിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഓറഞ്ച് കൗണ്ടിയിൽ നിന്നുള്ള എഥാൻ എൻഗുൺലി എന്ന യുവാവിനാണ് വൻ തുക ക്രിപ്റ്റോ കറൻസിയിലൂടെ നഷ്ടമായത്. റിട്ടയർമെന്‍റ്, ബ്രോക്കറേജ് അക്കൗണ്ടുകളിൽ ഒരു കോടിയിലധികം രൂപ ഇയാള്‍ മുടക്കിയിരുന്നു. കടം വാങ്ങിയ തുക ഉപയോഗിച്ചാണ് ഇയാൾ ക്രിപ്‌റ്റോകറൻസി വാങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം, കൗമാരപ്രായത്തിന് മുമ്പുതന്നെ, മാതാപിതാക്കളുടെ സഹായത്തോടെ എഥാൻ എൻഗുൺലി ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിച്ചിരുന്നു.

2021 നവംബറിനും 2022 ജൂണിനും ഇടയിൽ ക്രിപ്‌റ്റോയിൽ തനിക്ക് 67 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് ഇപ്പോള്‍ എഥാൻ എൻഗുൺലി പറയുന്നത്. ഇതിൽ തന്‍റെ യഥാർത്ഥ നിക്ഷേപമായ 24 ലക്ഷം രൂപയും വെർച്വൽ സമ്പാദ്യമായ 41 ലക്ഷം രൂപയും ഉൾപ്പെടുന്നതായാണ് ഇയാൾ പറയുന്നത്. ബിറ്റ്‌കോയിനിലും എതെറിയത്തിലും താൻ ഇതിനകം 33 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഷിബ ഇനു, ഡോഗ്കോയിൻ തുടങ്ങിയ ആൾട്ട്കോയിനുകളിലും എഥാൻ നിക്ഷേപം നടത്തിയിട്ടുണ്ട്. തനിക്ക് പെട്ടെന്ന് ആവശ്യമില്ലാതിരുന്ന കുറച്ചു പണമാണ് താൻ ഇത്തരത്തിൽ നിക്ഷേപിച്ചതെന്നും എന്നാൽ 2021 അവസാനത്തോടെ, ക്രിപ്‌റ്റോ മാർക്കറ്റ് ഇടിഞ്ഞതിന് പിന്നാലെ ബിറ്റ്‌കോയിന്‍റെ വില 70 ശതമാനത്തിലധികം ഇടിഞ്ഞതാണ് ഇത്തരത്തിൽ വലിയൊരു സാമ്പത്തിക നഷ്ടം ഉണ്ടാകാൻ കാരണമെന്നും സിഎൻസിസിയോട് സംസാരിക്കവേ എഥാൻ പറഞ്ഞു.

തനിക്ക് പണം നഷ്ടമായെങ്കിലും ഓഹരി വിപണിയെ സുരക്ഷിത സമ്പാദ്യം മാർഗ്ഗമായി തന്നെയാണ് താൻ ഇന്നും കാണുന്നതെന്നാണ് ഇയാൾ പറയുന്നത്. കോളേജ് ബിരുദം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ, സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള തന്‍റെ യാത്ര ആരംഭിച്ചതായും സമ്പാദ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയത് തന്‍റെ മാതാപിതാക്കളാണെന്നും എഥാൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഒരു സേവിംഗ്സ് അക്കൗണ്ടിൽ പണം സംഭരിക്കുന്നതിന് പകരം ഓഹരി നിക്ഷേപം എല്ലായ്പ്പോഴും മൂലധനം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച മാർഗമായാണ് താൻ കണക്കാക്കുന്നതെന്നും ബാങ്കുകള്‍ നൽകുന്ന കുറഞ്ഞ പലിശ നിരക്ക് ഫണ്ടിന്‍റെ മൂല്യം വർദ്ധിപ്പിക്കുന്നതിന് കാര്യമായി സഹായിക്കില്ലന്നും ഈ യുവ ടെക്കി അഭിപ്രായപ്പെടുന്നു.