നല്ല നാള്‍വഴികളിലൂടെ.. വളര്‍ച്ചയുടെ പടവുകള്‍ കയറി സിറ്റിസ്‌കാന്‍ നാലാം വര്‍ഷത്തിലേക്ക്

 

വാര്‍ത്തയുടെ ലോകത്ത് ജനകീയ മുഖമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വാര്‍ത്തകളും വ്യാജവാര്‍ത്തകളും തീര്‍ക്കുന്ന ആശയകുഴപ്പങ്ങള്‍ക്കിടയില്‍ വസ്തുനിഷ്ഠമായി ജനപക്ഷത്ത് നിലകൊള്ളാനും അവരുടെ ശബ്ദമാകാനും കഴിയുമ്പോഴാണ് ഏതൊരു മാധ്യമസ്ഥാപനത്തിനും പൊതു സ്വീകാര്യതയുണ്ടാകൂ. ചെറുതും വലുതുമായ എല്ലാ മാധ്യമങ്ങള്‍ക്കും ഇതുതന്നെയാണ് സ്വീകാര്യത മാനദണ്ഡം. വിമര്‍ശനത്തിനൊപ്പം വികസന കാഴ്ചപ്പാടുകള്‍ക്ക് പിന്തുണ നല്‍കാനും പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും മാധ്യമങ്ങള്‍ക്ക് വലിയ കടമയുണ്ട്. നീതി നിഷേധത്തിനെതിരെ പൗരന്റെ നാവാകാനും ജാഗ്രത വേണം. രാജ്യത്തെ പുതിയകാല സംഭവ വികാസങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുമ്പോള്‍ പ്രത്യേകിച്ചും. പൗരന്റെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ ഭരണഘടന നല്‍കുന്ന പരിരക്ഷക്കൊപ്പം നാലാം തൂണായി നിലകൊണ്ട് നിലപാടെടുക്കുക എന്ന സാമൂഹിക ഉത്തരവാദിത്വം മഹത്തരമായി നിര്‍വഹിക്കുക എന്നതാണ് പരമപ്രധാനം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ‘ സിറ്റി സ്‌കാന്‍’ ഈ ഉത്തമബോധ്യത്തോടെയാണ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള മനുഷ്യരുടെ വികാരം ഉള്‍ക്കൊണ്ട് അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ഭരണകൂടത്തിന് മുന്നില്‍ അവതരിപ്പിക്കാനും പല വിഷയങ്ങളിലും പരിഹാരമുണ്ടാക്കാന്‍ ഇടപെടാനും കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്. കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നിന്ന വ്യാപാരികളുടെയും സംരംഭകരുടെയും അതിജീവനത്തിന് കരുത്ത് പകരാന്‍ ചെറിയ നിലയിലെങ്കിലും കഴിഞ്ഞുവെന്നതും സന്തോഷകരം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ‘ സിറ്റി സ്‌കാനിന്’ ലഭിച്ചതും നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ കൂടുതല്‍ ഊര്‍ജ്ജം പകരുകയാണ്. സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാനും മാതൃകാപരമായി പ്രവര്‍ത്തിക്കാനും കൂടുതല്‍ ശ്രദ്ധിക്കണമെന്ന തിരിച്ചറിവ് കൈമോശം വരാതെ ഭംഗിയായി തുടരും. അംഗീകരിക്കേണ്ടവ അംഗീകരിക്കാനും തിരുത്താനുള്ളത് തിരുത്തിക്കാനും ഇടപെടും. കണ്ണിലെ കൃഷ്ണ മണി പോലെ കാത്തുസൂക്ഷിക്കുന്ന സ്വാതന്ത്ര്യത്തിന് മേലുള്ള കത്തിവെക്കലുകള്‍ക്കെതിരെ ശക്തമായി ശബ്ദിക്കും. തുറന്ന മനസ്സോടെ സമൂഹത്തെ സമീപിക്കും. നഗരഗ്രാമ ഹൃദയങ്ങളെ ചേര്‍ത്ത് നിര്‍ത്തും. കൂടെ നില്‍ക്കുന്നതിനും അംഗീകരിക്കുന്നതിനും വിമര്‍ശിക്കുന്നതിനും നന്ദി.