3 വയസ്സുകാരന് വാട്ടർ പാര്‍ക്കിൽ ദാരുണാന്ത്യം; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

അലാസ്ക: മൂന്ന് വയസുകാരന്‍ വാട്ടര്‍ പാര്‍ക്കില്‍ മുങ്ങിമരിച്ച സംഭവത്തില്‍ അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അമ്മ മൊബൈല്‍ ഫോണില്‍ പാട്ട് കേട്ട് അതിനൊപ്പം പാടി നടക്കുമ്പോഴാണ് കുഞ്ഞിന്‍റെ ദാരുണാന്ത്യം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം ലൈഫ് ഗാർഡുകൾ ശ്രദ്ധിക്കാതിരുന്നതാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്ന് യുവതിയുടെ അഭിഭാഷകൻ കുറ്റപ്പെടുത്തി. അമേരിക്കയിലെ ടെക്സാസിലെ സംഭവം.

എൽ പാസോയിലെ ക്യാമ്പ് കോഹൻ വാട്ടർ പാർക്കിലാണ് സംഭവം. ജെസീക്ക വീവർ എന്ന 35 കാരിയുടെ ഏക മകന്‍ ആന്റണി ലിയോ മലാവെയാണ് വാട്ടര്‍ പാര്‍ക്കില്‍ മുങ്ങിമരിച്ചത്. അശ്രദ്ധ എന്ന കുറ്റമാണ് ജെസീക്കയ്ക്കെതിരെ പൊലീസ് ചുമത്തിയത്. ചില ദൃക്സാക്ഷികളും ജെസീക്കയ്ക്ക് എതിരെ മൊഴി നല്‍കി.

സംഭവ സമയത്ത് വാട്ടര്‍ പാർക്കിൽ 18 ലൈഫ് ഗാർഡുകള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരില്‍ ഒരാളാണ് മുങ്ങിപ്പോയ കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണമെന്ന് പാര്‍ക്കില്‍ എഴുതിവെച്ചിരുന്നു.
എന്നാല്‍ കുട്ടിയുടെ അമ്മ ഒരു മണിക്കൂറോളം മറ്റൊന്നും ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതി തുടര്‍ച്ചയായി ഫോട്ടോ എടുക്കുന്നത് കണ്ടു. മൊബൈല്‍ ഫോണിലെ പാട്ടിനൊപ്പം കൂടെപ്പാടുന്നതില്‍ മുഴുകിയിരിക്കുന്നത് കണ്ടെന്നും സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

ജെസീക്കയെ ഇന്ത്യാനയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. എൽ പാസോ കൗണ്ടി ജയിലിൽ കസ്റ്റഡിയിലാക്കി. 100,000 ഡോളർ ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു.