തട്ടിപ്പ് തടയാൻ ബാങ്ക് സന്ദേശം മലയാളത്തിലും നല്‍കണം
കൊച്ചി: ബാങ്കിംഗ് മേഖലയില്‍ തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇടപാടുകാര്‍ക്കുള്ള സന്ദേശങ്ങള്‍ പ്രാദേശിക ഭാഷയില്‍ നല്‍കുന്നകാര്യം ബാങ്കുകള്‍ പരിഗണിക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ നിര്‍ദ്ദേശിച്ചു.
അക്കൗണ്ട് തുടങ്ങാനുള്ള ഫോമിലെ വ്യവസ്ഥകള്‍, ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകള്‍ , നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍, എസ്.എം.എസ് സന്ദേശങ്ങള്‍ തുടങ്ങിയവ മലയാളത്തിലും നല്‍കുന്ന കാര്യം പരിഗണിക്കാനാണ് കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദ്ദേശം. വിധിയുടെ പകര്‍പ്പ് റിസര്‍വ് ബാങ്കിനു നല്‍കാനും നിര്‍ദ്ദേശിച്ചു.
എസ്.ബി.ഐയുടെ ചെറിയപ്പിള്ളി ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്ന് എറണാകുളം പറവൂര്‍ സ്വദേശിനി അംബികാഗോപിക്ക് പലപ്പോഴായി 45,000 രൂപ നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിച്ചത്. പരാതിക്കാരിയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം മറ്റാരോ തട്ടിയെടുക്കുകയായിരുന്നു. പണം പിൻവലിക്കുമ്ബോഴെല്ലാം മൊബൈലില്‍ ഇംഗ്ളീഷിലുള്ള എസ്.എം.എസ് എത്തിയിരുന്നെങ്കിലും അവ വായിച്ചു മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടുമാസം കഴിഞ്ഞാണ് പരാതി നല്‍കിയത്.
പിൻ നമ്ബര്‍ രഹസ്യമാക്കി വയ്ക്കാത്തതും സന്ദേശങ്ങള്‍ മനസിലാക്കി യഥാസമയം പരാതി നല്‍കാത്തതുമാണ് പണം നഷ്ടപ്പെടാൻ കാരണമെന്നു വിലയിരുത്തിയ കമ്മിഷൻ ഹര്‍ജി തള്ളി.