വാവ സുരേഷിന് പാമ്പ് പിടിക്കാം; ലൈസൻസ് നല്‍കാൻ വനംവകുപ്പ് തീരുമാനം
തിരുവനന്തപുരം: വാവ സുരേഷിന് ഒടുവില്‍ പാമ്പ് പിടിക്കാനുള്ള ലൈസൻസ് നല്‍കാൻ വനംവകുപ്പ് തീരുമാനം. പാമ്പ് പിടിക്കാൻ വനം വകുപ്പ് അരിപ്പ ട്രെയിനിങ് സെന്റര്‍ ഡയറക്ടര്‍ അൻവറിന്റെ നേതൃത്വത്തില്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റീഷൻ കമ്മിറ്റിക്ക് വാവ സുരേഷ് നല്‍കിയ പരാതിയില്‍ ഹിയറിങ് നടത്താൻ കൂടിയ യോഗത്തിലാണ് തീരുമാനം.
കമ്മിറ്റി ചെയര്‍മാൻ ഗണേഷ്കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്ബുകളെ പിടികൂടാൻ സന്നദ്ധനാണെന്ന് വാവ സുരേഷ് അറിയിച്ചതോടെ ലൈസൻസിനായി വനം വകുപ്പിന് അപേക്ഷ നല്‍കാൻ പെറ്റീഷൻസ് കമ്മിറ്റി നിര്‍ദേശിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഡി. ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു. ലൈസൻസ് വനം വകുപ്പ് ആസ്ഥാനത്ത് നിന്നും വെള്ളിയാഴ്ച തന്നെ കൈമാറാനാന് തീരുമാനം.
അശാസ്ത്രീയമായ രീതിയിലാണ് സുരേഷ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പ് തടസ്സം നിന്നത്. കാണികള്‍ക്ക് മുന്നില്‍ അപകടകരമാകുംവിധം പാമ്പുകളെ പ്രദര്‍ശിപ്പിച്ചതും തിരിച്ചടിയായി. വനം വകുപ്പ് ലൈസൻസുള്ളവര്‍ക്ക് മാത്രമേ നിലവില്‍ പാമ്പ് പിടിക്കാൻ അനുവാദമുള്ളൂ.