ഇന്ത്യയുൾപ്പെടെ ആരും ഉറപ്പിച്ചിട്ടില്ല, ആരും പുറത്തായിട്ടുമില്ല, ലോകകപ്പിൽ ഓരോ ടീമുകളുടെയും സെമി സാധ്യത ഇങ്ങനെ

ലഖ്നൗ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തി തുടര്‍ച്ചയായ ആറാം ജയത്തോടെ ഇന്ത്യ സെമിയോട് അടുത്തെങ്കിലും ഇതുവരെ ഒരു ടീമും സാങ്കേതികമായി സെമിയിലെത്തിയെന്ന് പറയാറായിട്ടില്ല. അതുപോലെ ഒരു ടീമും സാങ്കേതികമായി ലോകകപ്പില്‍ നിന്ന് പുറത്തായിട്ടുമില്ല. ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ 99.9 ശതമാനായി ഉയര്‍ന്നു. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഇനി ഇന്ത്യ ലോകകപ്പില്‍ സെമി കാണാതെ പുറത്താവു എന്നു ചുരുക്കും.

എന്നാല്‍ സാങ്കേതികമായി മാത്രം അതിനുള്ള സാധ്യതകള്‍ ഇപ്പോഴുമുണ്ടെന്നതിനാലാണ് ഒരു ടീമും സെമിയിലെത്തിയെന്ന് ഉറപ്പിച്ച് പറയാനാവാത്തത്. നിലവില്‍ ആറ് കളികളില്‍ 12 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും നെതര്‍ലന്‍ഡ്സിനെയുമാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ഇന്ത്യക്ക് സെമിയിലെത്താനാവും.

നിലവില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് 96 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ന്യൂസിലന്‍ഡിനെയുമാണ് ദക്ഷിണാഫ്രിക്കക്ക് ഇനി നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ദക്ഷിണാഫ്രിക്കക്ക് സെമിയിലെത്താനാവുന്ന സാഹചര്യമുണ്ട്. എട്ട് പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് സെമിയിലെത്താന്‍ 77 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ലോകകപ്പില്‍ ഇനി പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയുമാണ് ന്യൂസിലന്‍ഡിന് നേരിടാനുള്ളത്. ഇതില്‍ രണ്ട് കളികളെങ്കിലും ജയിച്ചാല്‍ കിവീസിന് സെമിയിലെത്താം. ഒരെണ്ണത്തില്‍ ജയിച്ചാലും സെമി സാധ്യതയുണ്ട്.

ന്യൂസിലന്‍ഡിനെതിരായ ആവേശപ്പോരില്‍ ജയിച്ചെങ്കിലും നാലു കളികളില്‍ എട്ടു പോയന്‍റുമായി നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ. ഓസ്ട്രേലിയക്ക് സെമിയിലെത്താന്‍ 76 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് ഇനി ഓസീസിന് നേരിടാനുള്ളത്.

നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് സെമിയിലെത്താന്‍ 0.4 ശതമാനം സാധ്യത മാത്രമാണുള്ളത്. ഓസ്ട്രേലിയയെയും പാകിസ്ഥാനെയും നേരിടാനുള്ള ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്സ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്. ഇതില്‍ എല്ലാ മത്സരവും ജയിച്ചാലും രണ്ട് പോയന്‍റുള്ള ഇംഗ്ലണ്ട് സെമിയിലെത്താന്‍ സാധ്യതയില്ല. പാകിസ്ഥാന് സെമിയിലെത്താന്‍ ഏഴ് ശതമാനം സാധ്യതയാണുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ കരുത്തരെ നേരിടേണ്ട പാകിസ്ഥാന് ബംഗ്ലാദേശ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്. ഇതില്‍ മൂന്നും ജയിച്ചാലും പരമാവധി 10 പോയന്‍റേ നേടാനാവു എന്നതിനാല്‍ പാകിസ്ഥാനും സെമി സാധ്യതയില്ല.

ശ്രീലങ്കക്ക് 19 ശതമാനം സാധ്യതതയും അഫ്ഗാനിസ്ഥാന് 18 ശതമാനം സാധ്യതയും പ്രവചിക്കപ്പെടുമ്പോള്‍ നെതര്‍ലന്‍ഡ്സിന് മൂന്ന് ശതമാനവും ബംഗ്ലാദേശിന് 0.7 ശതമാവും സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.