യു.കെ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
ഇരിട്ടി: യു.കെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍നിന്ന് പണം തട്ടിയ കര്‍ണാടക സ്വദേശിനി പിടിയില്‍. ഉപ്പിനങ്ങാടി കുപ്പട്ടിയിലുള്ള മജ്ജേ വീട്ടില്‍ മിനിമോള്‍ മാത്യുവാണ് (58) പിടിയിലായത്.
തൃശൂര്‍ കുണ്ടൻചേരിയിലെ വാടക വീട്ടില്‍നിന്നാണ് ഇവരെ ഉളിക്കല്‍ ഇൻസ്പെക്ടര്‍ സുധീര്‍ കല്ലനും സംഘവും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ആറളം, ഉളിക്കല്‍ സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് മിനിമോള്‍ പിടിയിലായത്. പൊലീസ് എത്തിയവിവരം അറിഞ്ഞ കൂട്ടുപ്രതിയായ മകള്‍ ശ്വേത ഒളിവില്‍ പോയിരിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നതായും ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ത്തന്നെ ആറളം, ഉളിക്കല്‍, ശ്രീകണ്ഠപുരം സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ 40 ലക്ഷത്തോളം രൂപ കബളിപ്പിച്ചതായാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. സമാനമായ തട്ടിപ്പില്‍ കോട്ടയത്തും തൃശൂരും ഇവരുടെ പേരില്‍കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മംഗളൂരു ഭാഗത്ത് ഇവര്‍ക്കെതിരെ നാല് തട്ടിപ്പ് കേസുകളാണുള്ളത്. കര്‍ണാടകയിലെ വീട്ടില്‍നിന്ന് തൃശൂരിലേക്ക് താമസം മാറിയ ഇവര്‍ സമാന രീതിയിലുള്ള തട്ടിപ്പാണ് ഇവിടെയും ആസൂത്രണം ചെയ്തത്.
രണ്ടുലക്ഷം രൂപയോളം ശമ്ബളം വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് ബാങ്ക് വഴി പലപ്പോഴായി പണം കൈപ്പറ്റിയ ഇവര്‍ വിസ നല്‍കാതെ വന്നതോടെ ബന്ധുക്കള്‍ കര്‍ണാടകയിലെ താമസസ്ഥലത്ത് എത്തിയപ്പോഴേക്കും അവിടെനിന്നും വീടുമാറി പോയിരുന്നു. പിന്നീടാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണ സംഘത്തില്‍ ഉളിക്കല്‍ എസ്.ഐ സതീശൻ, ആറളം ഇസ്പെക്ടര്‍ പ്രേമരാജൻ, സി.പി.ഒ സുമതി എന്നിവരും അംഗങ്ങളായിരുന്നു.