ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാഖ് ആലത്തിന് വധശിക്ഷ.

എറണാകുളം അഡീഷനല്‍ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ. സോമനാണ് 28കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്.

കേരളം ഞെട്ടിയ അതിക്രൂര കൊലപാതകത്തില്‍ ഇന്ന് ശിശു ദിനത്തിലാണ് വിധി വന്നിരിക്കുന്നത്.

നവംബര്‍ നാലിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം എന്നിവ അടക്കം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള 11 കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള അഞ്ച് കുറ്റങ്ങളും തെളിഞ്ഞതാണ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു.

കൊലപ്പെടുത്താൻ കുഞ്ഞിനെ കൊണ്ടുപോയത് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ

ജൂലൈ 28ന് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ബാലികയെ സമീപ കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രതി മധുരപാനീയം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടുപോയത്. മദ്യം നല്‍കിയശേഷം ആലുവ മാര്‍ക്കറ്റിനുള്ളിലെ മാലിന്യക്കൂമ്ബാരത്തിന് സമീപത്തുവെച്ച്‌ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ശേഷം കുട്ടി ധരിച്ചിരുന്ന ബനിയന്‍ ഉപയോഗിച്ച്‌ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. പിന്നീട് സമീപത്തെ ചതുപ്പില്‍ തള്ളുകയായിരുന്നു.

30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി

കേസില്‍ 30 ദിവസത്തിനുള്ളിലാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സെപ്റ്റംബര്‍ ഒന്നിന് എറണാകുളം റൂറല്‍ എസ്.പി വിവേവ് കുമാറിന്‍റെ നേതൃത്വത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് എസ്.എച്ച്‌.ഒ എം.എം. മഞ്ജുദാസ് കുറ്റപത്രം സമര്‍പ്പിച്ചു.

99 സാക്ഷികള്‍

കേസില്‍ 99 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 43 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതു മുതല്‍ ആലുവ മാര്‍ക്കറ്റിലേക്ക് ബസില്‍ പോകുന്നതും മാര്‍ക്കറ്റിലെ മാലിന്യക്കൂമ്ബാരത്തിന് സമീപത്തേക്ക് പോകുന്നതുംവരെ നേരില്‍ കണ്ട സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. ഒക്ടോബര്‍ നാലിന് തുടങ്ങിയ വിചാരണ നടപടികള്‍ ദിവസങ്ങള്‍ക്കുള്ളിലാണ് പൂര്‍ത്തിയാക്കിയത്. 95 രേഖകളും പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ഉള്‍പ്പെടെ 10 തൊണ്ടിമുതലുകളും തെളിവായി കോടതിയില്‍ ഹാജരാക്കി. കുറ്റകൃത്യം നടന്ന് 100ാം ദിവസം അസ്ഫാഖ് ആലം കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തുടര്‍ന്ന് ഇന്ന് കോടതി ശിക്ഷാ വിധി പറയുകയായിരുന്നു.

പ്രതിക്കെതിരെ നേരത്തെയും പോക്സോ കേസ്

കേസില്‍ പ്രതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി അന്വേഷണസംഘം ബിഹാറിലേക്കും ഡല്‍ഹിയിലേക്കും പോയിരുന്നു. യു.പിയില്‍ അസ്ഫാഖ് ആലത്തിനെതിരെ നേരത്തേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി കണ്ടെത്തുകയുണ്ടായി.

കുഴിമാടത്തിലെത്തി മാതാപിതാക്കൾ

കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുഴിമാടത്തിലെത്തി പൂക്കളര്‍പ്പിച്ച്‌ മാതാപിതാക്കളും സഹോദരങ്ങളും. കീഴ്മാട് പൊതുശ്മാശനത്തില്‍ ഇവര്‍ക്കൊപ്പം പഞ്ചായത്ത് പ്രതിനിധികളും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രതിനിധികള്‍ പുഷ്പചക്രം സമര്‍പ്പിച്ചു.