വരുമോ.. ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി
ശ്രീകണ്ഠപുരം: തളിപ്പറമ്പ് കോടതിയുടെ പരിധിയില്‍നിന്നും ശ്രീകണ്ഠപുരം പൊലീസ് സ്‌റ്റേഷനെ മാറ്റിയതോടെ ശ്രീകണ്ഠപുരത്ത് മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
വര്‍ഷങ്ങളായി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അധികാര പരിധിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ശ്രീകണ്ഠപുരത്ത് നിന്ന് തളിപ്പറമ്പ് കോടതിയില്‍ എത്തിച്ചേരുവാൻ 20 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. പുതിയ തീരുമാന പ്രകാരം ആളുകള്‍ക്ക് 40 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം കണ്ണൂര്‍ കോടതിയില്‍ എത്താൻ.
ഈ മാസം 10നാണ് ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയിലേക്ക് മാറ്റിയുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. ഇതുപ്രകാരം ശ്രീകണ്ഠപുരം, കണ്ണപുരം,മയ്യില്‍ സ്റ്റേഷനുകള്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലേക്കും കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ ട്രാഫിക് സ്റ്റേഷനുകള്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്കും കണ്ണൂര്‍ സിറ്റി, വളപട്ടണം, കണ്ണൂര്‍ റെയില്‍വേ, ഇരിക്കൂര്‍ സ്‌റ്റേഷനുകള്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലേക്കുമാണ് മാറ്റിയത്. തളിപ്പറമ്പ് കോടതിയുടെ പരിധിയില്‍ തളിപ്പറമ്പ് , ആലക്കോട്,
കുടിയാൻമല, പയ്യാവൂര്‍ സ്റ്റേഷനുകളാണ് ഉള്ളത്. ഈ മാസം 20 മുതല്‍ ഉത്തരവ് പ്രബല്യത്തില്‍ വന്നു. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എം.എല്‍.എ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി വി.ജി. അരുണിന് കത്ത് നല്‍കിയിട്ടുണ്ട്. സി.പി.എം.ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും പ്രമേയമടങ്ങിയ നിവേദനവും കൈമാറിട്ടുണ്ട്. ശ്രീകണ്ഠപുരത്ത് ഒരു മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ച് ശ്രീകണ്ഠപുരം, പയ്യാവൂര്‍, ഇരിക്കൂര്‍, ഉളിക്കല്‍, കുടിയാന്മല, ആലക്കോട് പൊലീസ് സ്റ്റേഷനുകളെ ഈ കോടതിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കും. അതിന് സര്‍ക്കാരാണ് താത്പര്യമെടുക്കേണ്ടത്.
1981ല്‍ അനുവദിച്ച കോടതിയെവിടെ ?
ശ്രീകണ്ഠപുരത്ത് 1981ല്‍ മുൻസിഫ് – മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരുന്നു. മുൻഗണനാക്രമം അനുസരിച്ച് കോടതി ആരംഭിക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരം 1981-ല്‍ പട്ടികയില്‍ 21-ാം സ്ഥാനത്തായിരുന്നു ശ്രീകണ്ഠപുരം. എന്നാല്‍ 42 വര്‍ഷമായിട്ടും ഇപ്പോഴും പതിമൂന്നാം സ്ഥാനത്ത് നിന്ന് താഴേക്ക് നീങ്ങിയിട്ടില്ല. മുൻഗണന പട്ടിക മറികടന്ന് ദേവികുളത്തും കരുനാഗപ്പള്ളിയിലും കോടതികള്‍ ആരംഭിച്ചിട്ടും ശ്രീകണ്ഠപുരം തഴയപ്പെടുകയായിരുന്നു.
നഗരസഭയായതോടെ ശ്രീകണ്ഠപുരത്ത് അനുവദിക്കപ്പെട്ട ഗ്രാമീണ കോടതി ഇരിക്കൂര്‍ പഞ്ചായത്തിലെ പെരുവളത്തുപറമ്ബിലും സ്ഥാപിച്ചു. മലയോര പ്രദേശങ്ങള്‍ കോര്‍ത്തിണക്കി രൂപവത്കരിച്ച പൊലീസ് കണ്ണൂര്‍ റൂറല്‍ ജില്ലയുടെ ആസ്ഥാനം റൂറല്‍ ജില്ലയുടെ മധ്യഭാഗം വരുന്ന ശ്രീകണ്ഠപുരത്താക്കണമെന്ന ആവശ്യവും ഉയരുന്നുന്നുണ്ട്.
ഇരിട്ടി മേഖല മുതല്‍ തളിപ്പറമ്ബ് ,പയ്യന്നൂര്‍, ചെറുപുഴ, പെരിങ്ങോം, ആലക്കോട് പ്രദേശങ്ങളുടെയെല്ലാം കേന്ദ്രമായി ശ്രീകണ്ഠപുരത്ത് റൂറല്‍ ജില്ല പൊലീസ് ആസ്ഥാനം സ്ഥാപിക്കാവുന്നതാണ്.ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഏക്കറുകണക്കിന് സ്വന്തം ഭൂമിയും ഉണ്ട്. എന്നിട്ടും അധികൃതര്‍ ഇത് ഗൗനിച്ചിട്ടില്ല. മുൻസിഫ് മജിസ്ട്രേറ്റ് കോടതി കൂടി ശ്രീകണ്ഠപുരത്ത് സ്ഥാപിച്ചാല്‍ ജനങ്ങള്‍ക്ക് കണ്ണൂര്‍വരെ സഞ്ചരിക്കാതെ തന്നെ കോടതി ആവശ്യങ്ങള്‍ നിറവേറ്റാനാകും. അഭിഭാഷകരും രാഷ്ട്രീയ സംഘടനകളുമെല്ലാം ആവശ്യമറിയിച്ച് സര്‍ക്കാരിനെ സമീപിച്ച സാഹചര്യത്തില്‍ പ്രതീക്ഷയേറെയാണുള്ളത്.