‘ആദ്യം ഉമ്മയേയും ഉപ്പയേയും രക്ഷിക്കൂ… എന്നെ അവസാനം മതി!’: 13കാരി അല്‍മ, ഇസ്രയേല്‍ തകര്‍ത്ത കെട്ടിടത്തില്‍ ഗസ്സയുടെ മനക്കരുത്ത്!
ഗസ്സ: അപാരമായ ധൈര്യത്തിന്റെയും സഹോദര സ്നേഹത്തിന്റെയും പര്യായമായി ഗസ്സയില്‍നിന്നൊരു പെണ്‍കുട്ടി. ഇസ്രായേല്‍ ക്രൂരൻമാര്‍ ആകാശത്തുനിന്ന് ബോംബിട്ട് നിലംപരിശാക്കിയ അഞ്ചുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് കരുത്തുറ്റ വാക്കുകളിലൂടെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് അല്‍മ എന്ന 13കാരി.
വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയവരേയും മൃതദേഹങ്ങളും പുറത്തെടുക്കാൻ എത്തിയതായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. കോണ്‍ക്രീറ്റ് കൂമ്ബാരത്തിനടിയില്‍നിന്ന് അല്‍മ (13) ഇവരുടെ കാലൊച്ച കേട്ടു. എന്റെ പേര് അല്‍മയാണെന്നും എനിക്ക് ഇവിടെ നിന്ന് പുറത്ത് വരാൻ കഴിയുന്നില്ലെന്നും അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു… ഇതുകേട്ട രക്ഷാപ്രവര്‍ത്തകര്‍, കൂടെ ആരാണുള്ളതെന്ന് ആരാഞ്ഞു.
ഉപ്പയും ഉമ്മയും സഹോദരങ്ങളും വല്യുപ്പയും വല്യുമ്മയും കെട്ടിടത്തിനിടയില്‍ പെട്ടിട്ടുണ്ടെന്നും അവരെ ആദ്യം രക്ഷിക്കണമെന്നും അല്‍മ മോള്‍ ആവശ്യപ്പെട്ടു. അവരെയൊക്കെ രക്ഷിച്ചശേഷം മാത്രം തന്നെ രക്ഷിച്ചാല്‍ മതി എന്നായിരുന്നു അല്‍മയുടെ അഭ്യര്‍ഥന.
തന്നെ അവസാനം സഹായിച്ചാല്‍ മതിയെന്നും ആദ്യം രക്ഷിക്കണ്ടെന്നും അവള്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഒരുവയസ്സുകാരനായ എന്റെ അനുജൻ തര്‍സാനെ സഹായിക്കൂവെന്നും ആവശ്യപ്പെടുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാൻ വേണമെങ്കില്‍ തന്നെ ആദ്യം പുറത്തെടുത്തോളൂ എന്നും അല്‍മ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങളുടെ എല്ലാകാര്യവും അല്ലാഹുവില്‍ അര്‍പ്പിക്കുന്നുവെന്നും തങ്ങള്‍ക്ക് അവൻ മതിയെന്നും കുട്ടി പറയുന്നുണ്ട്.
ഇത്രയേറെ മനക്കരുത്തും സഹജീവി സ്നേഹവമുള്ള ഫലസ്തീനികളെയാണ് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇസ്രായേലിന്റെ അധിനിവേശ സേന കൊന്നുതോല്‍പിക്കാൻ ശ്രമിക്കുന്നതെന്ന് അല്‍ജസീറ പുറത്തുവിട്ട വിഡിയോക്ക് താഴെ ആളുകള്‍ കമന്റ് ചെയ്യുന്നു. ഇസ്രായേലിന് കൊല്ലാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നും അല്‍മയെപ്പോലുള്ള ഗസ്സക്കാരുടെ ഇച്ഛാശക്തിയെ തോല്‍പിക്കാൻ ഒരിക്കലും കഴിയില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
രക്ഷാപ്രവര്‍ത്തകരും അല്‍മയും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്:
കുട്ടി: എന്റെ പേര് അല്‍മ. എനിക്ക് ഇവിടെ നിന്ന് പുറത്ത് വരാൻ കഴിയുന്നില്ല.
രക്ഷാപ്രവര്‍ത്തകര്‍: അല്‍മാ, നിന്റെ കൂടെ വേറെ ആരാണുള്ളത്?
അല്‍മ: എന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളും വല്യുപ്പയും വല്യുമ്മയും.
രക്ഷാപ്രവര്‍ത്തകര്‍: അവര്‍ ജീവനോടെ ഉണ്ടോ
അല്‍മ: ഉണ്ട്. ഉണ്ട്. അവര്‍ ജീവനോടെ ഉണ്ട്.
രക്ഷാപ്രവര്‍ത്തകര്‍: എന്താണ് ഇപ്പോള്‍ ചെയ്യേണ്ടത് അല്‍മ..
അല്‍മ: ആദ്യം എന്റെ സഹോദരങ്ങളെയും മാതാപിതാക്കളെയും മുത്തശ്ശിയെയും മുത്തശ്ശനെയും രക്ഷിക്കൂ… എന്നിട്ട് എന്നെ രക്ഷിക്കൂ…
രക്ഷാപ്രവര്‍ത്തകര്‍: ശരി, കുഞ്ഞേ…
അല്‍മ: എന്നെ അവസാനം സഹായിച്ചാല്‍ മതി… എന്നെ ആദ്യം രക്ഷിക്കണ്ട…
രക്ഷാപ്രവര്‍ത്തകര്‍: ശരി കുഞ്ഞേ…
അല്‍മ: എന്നെ അവസാനം സഹായിച്ചാല്‍ മതി. അല്ലെങ്കില്‍ എന്നെ ആദ്യം സഹായിച്ചാല്‍ ഞാൻ നിങ്ങളെയും (രക്ഷാപ്രവര്‍ത്തനത്തില്‍) സഹായിക്കാം…
രക്ഷാപ്രവര്‍ത്തകര്‍: നിനക്ക് എത്ര വയസ്സായി..
അല്‍മ: 13 വയസ്സ്
രക്ഷാപ്രവര്‍ത്തകര്‍: ആരാ നിന്റെ സഹോദരി? സാറയാണോ?
അല്‍മ: അല്ല. റിഹാബ്. എന്റെ കുഞ്ഞനുജൻ തര്‍സാനും ഇവിടെയുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍: തര്‍സാന് എത്ര വയസ്സായി?
അല്‍മ: അവന് ഒരു വയസ്സ്.. അല്ലാഹു ഞങ്ങളെ സംരക്ഷിക്കും… എന്റെ അനുജൻ തര്‍സാനെ സഹായിക്കൂ.. പ്ലീസ്..
രക്ഷാപ്രവര്‍ത്തകര്‍: ഞാൻ നിന്റെ അടുത്തെത്താറായില്ലേ…
അല്‍മ: എത്താറായി
രക്ഷാപ്രവര്‍ത്തകര്‍: നീ എന്റെ ലൈറ്റ് കാണുന്നുണ്ടോ…
അല്‍മ: ഉണ്ട്.. ഞാൻ കാണുന്നുണ്ട്..
രക്ഷാപ്രവര്‍ത്തകര്‍: അല്‍മാ.. നിന്നെ ഞാൻ പുറത്തെടുക്കാൻ ശ്രമിക്കുകയാണ്.. നിന്നെ എനിക്ക് പുറത്തെടുക്കാൻ കഴിയും…
അല്‍മ: ദയവ് ചെയ്ത് പെട്ടെന്ന് പുറത്തെടുക്കൂ… എനിക്ക് എന്റെ അനുജനെയും അനുജത്തിയെയും കാണണം…
രക്ഷാപ്രവര്‍ത്തകര്‍: തീര്‍ച്ചയായും കുഞ്ഞേ…
അല്‍മ: എനിക്ക് അവരെ കാണണം.. എനിക്കവരെ മിസ് ചെയ്യുന്നു..
രക്ഷാപ്രവര്‍ത്തകര്‍: ഇത് അല്‍മയല്ലേ.. (രക്ഷാപ്രവര്‍ത്തകൻ കൈ കൊടുക്കുന്നു)
അല്‍മ: അതെ, അതെ..
രക്ഷാപ്രവര്‍ത്തകര്‍: നന്നായി അല്‍മാ… ഞാൻ പറഞ്ഞില്ലേ നിങ്ങളെ ഞങ്ങള്‍ രക്ഷിക്കുമെന്ന്… പുറത്തുവരൂ പ്രിയപ്പെട്ട കുട്ടീ…
ആദ്യം നിന്നെ പുറത്തെടുക്കട്ടേ… ഇങ്ങോട്ടുവരൂ…
(അല്‍മ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ പുറത്തേക്ക് നൂഴ്ന്ന് വരുന്നു..)
രക്ഷാപ്രവര്‍ത്തകര്‍: അല്‍മാ, നിന്റെ സഹോദരങ്ങളും രക്ഷിതാക്കളും എവിടെയാണുള്ളത്? നിന്റെ അടുത്താണോ…?
അല്‍മ: അതേ.. (പുറത്തെത്തിയ അല്‍മ കെട്ടിടത്തിന്റെ അവശിഷ്ടത്തില്‍ ഓരോ ഭാഗം ചൂണ്ടിക്കാട്ടി പറയുന്നു:) എന്റെ സഹോദരങ്ങള്‍ ഇവിടെയാണുള്ളത്, എന്റെ ഉമ്മ ഇവിടെയാണുള്ളത്… എന്റെ അമ്മായി ഇവിടെയാണുള്ളത്..