ബാലികയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
കൊട്ടാരക്കര: ബാലികയെ തട്ടി കൊണ്ടുപോയ കേസില്‍ പ്രതികളെ മൂന്ന് ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൂയപ്പള്ളി പൊലീസ്.
ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പിച്ചിട്ടുണ്ടന്നും പൊലീസ് പറഞ്ഞു. പത്മകുമാറുമായി ബന്ധമുണ്ടന്നു പറയുന്ന ബി.ജെ.പി നേതാവിനെ ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ഇയാളില്‍ നിന്ന് ചില നിര്‍ണായക വിവരം ലഭിച്ചുവെന്നാണ് അറിയുന്നത്. മുമ്ബ് കൊലക്കേസില്‍ പ്രതിയായ നേതാവിനെ പിന്നീട് കോടതി വിട്ടയച്ചിരുന്നു. ക്വട്ടേഷൻ സംഘം കൊലപാതകം നടത്തിയെന്നായിരുന്നു കേസ്. മുമ്ബ് പത്മകുമാര്‍ കേബിള്‍ ടി.വി നടത്തിയിരുന്നപ്പോള്‍ അതില്‍ ജീവനക്കാരനായും പ്രവര്‍ത്തിച്ചിരുന്നു.
ഷാജഹാന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി
കുണ്ടറ: ഓയൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ ഭാഗമായി പ്രചരിച്ച രേഖാചിത്രം കേസുമായി ബന്ധമില്ലാത്ത ഷാജഹാന്റെ വീട് തകര്‍ത്ത കേസില്‍ അന്വേഷണം തുടങ്ങി. സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും അറസ്റ്റ് ചെയ്‌തെന്നും പൊലീസ് കസ്റ്റഡിയിലെന്നുമുള്ള വാര്‍ത്ത പ്രചരിച്ചതോടെ ഷാജഹാൻ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കേസുമായി യാതൊരു ബന്ധവുമില്ലെന്നും തന്നെ തേചോവധം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പൊലീസ് ഷാജഹാന്റെ ഫോണും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് സമൂഹമാധ്യമങ്ങളില്‍ വോയ്‌സ് ക്ലിപ് ഇടുകയും ചെയ്തിരുന്നു.
മത്സ്യവ്യാപാരിയായ ഷാജഹാന് പുറത്തിറങ്ങാനോ കച്ചവടം നടത്താനോ കഴിയാത്ത സ്ഥിതിയായി. സ്റ്റേഷനില്‍ നേരിട്ടെത്തി നിജസ്ഥിതി ബോധ്യപ്പെടുത്തിയിട്ടും തന്നെ അപമാനിക്കുന്നവര്‍ക്കും വീട് തകര്‍ത്തവര്‍ക്കുമെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ല.
നടപടി വൈകിയപ്പോള്‍ കഴിഞ്ഞ 30ന് ഷാജഹാന്‍ നേരിട്ടെത്തി രേഖാമൂലം പരാതി നല്‍കി. പരാതി നല്‍കിയതോടെ പൊലീസ് നടപടികളും ആരംഭിച്ചു. അക്രമിക്കപ്പെട്ട വീട്ടിലെത്തി മഹ്സര്‍ തയാറാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.