പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ചു; പ്രതി അറസ്റ്റില്‍

ചെങ്ങന്നൂര്‍: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, ദിനീഷ് ബാബുവിനെയാണ് (48) തലക്കടിച്ച്‌ പരിക്കേല്‍പിച്ചത്.

ബുധനുര്‍ എണ്ണക്കാട് പൈവള്ളി തോപ്പില്‍ രുധിമോനെയാണ് (40)നെയാണ്‌ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി മാരകായുദ്ധങ്ങളുമായി പ്രതി ആക്രമിക്കാനാൻ മുതിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രുധിമോന്റെ ഭാര്യയും അമ്മയും 112ല്‍ വിളിച്ച്‌ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് പരാതി അന്വേഷിക്കാനാണ് എസ്. ഐ സജികുമാറുള്‍പ്പടെയുള്ള സംഘം പോയത്.

സംഭവ സ്ഥലത്തെത്തിയപ്പോള്‍ വെട്ടു കത്തിയുമായി നില്‍ക്കുകയായിരുന്ന രുധിമോനെ അനുനയിപ്പിച്ച്‌ ആയുധം വാങ്ങിയശേഷം കൂട്ടികൊണ്ടു പോകാൻ ശ്രമിച്ചു. ഈസമയം വീടിനുള്ളിലേക്ക് ഓടികയറി പോയശേഷം ചപ്പാത്തി പരത്തുന്ന തടിയുമായി തിരിച്ചെത്തി പൊലീസുകാരനെ തലക്കടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എസ്.എച്ച്‌. ഒ. ജോസ് മാത്യുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതിയെ പിടികൂടിയത്.