പുതുവര്‍ഷാഘോഷം പടിവാതില്‍ക്കല്‍; ഫോര്‍ട്ട്കൊച്ചിയില്‍ സുരക്ഷാ കാമറകള്‍ പ്രവര്‍ത്തനരഹിതം

ഫോര്‍ട്ട്കൊച്ചി: രാജ്യത്ത് ശ്രദ്ധേയമായ പുതുവര്‍ഷാഘോഷം നടക്കുന്ന ഫോര്‍ട്ട്കൊച്ചിയില്‍ സുരക്ഷാ കാമറകള്‍ പ്രവര്‍ത്തന രഹിതം.

കഴിഞ്ഞവര്‍ഷം പുതുവര്‍ഷ തലേന്ന് അഞ്ചുലക്ഷം സന്ദര്‍ശകര്‍ വന്നതായി കണക്ക് രേഖപ്പെടുത്തിയിട്ടുള്ള ടൂറിസം മേഖലയിലാണ് സുരക്ഷാ കാമറകള്‍ പ്രവര്‍ത്തിക്കാത്തത്. പൊലീസും സി.എസ്.എം.എല്ലും ചേര്‍ന്ന് സ്ഥാപിച്ച കാമറകളാണ് കഴിഞ്ഞ ഒന്നര മാസത്തോളമായി പ്രവര്‍ത്തിക്കാതെ കിടക്കുന്നത്. കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതാണ് കാമറകള്‍ കണ്ണടക്കാൻ കാരണമത്രെ. സി.എസ്.എം.എല്‍ 67 കാമറയാണ് വിവിധയിടങ്ങളില്‍ സ്ഥാപിച്ചത്. ഇതില്‍ മൂന്ന് കാമറ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

വൈദ്യുതി ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്നതാണ് ശ്രദ്ധേയം. ഈ കാമറകളുടെ കണ്‍ട്രോള്‍ സെന്‍ററായി പ്രവര്‍ത്തിക്കുന്നത് കലൂര്‍ മെട്രോ സ്റ്റേഷനാണ്. ഈ മാസം 10 മുതലാണ് കൊച്ചിൻ കാര്‍ണിവല്‍, പുതുവര്‍ഷാഘോഷങ്ങള്‍ ആരംഭിക്കുന്നത്. കാര്‍ണിവല്‍ കാണാൻ വിദേശികളടക്കം ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുമ്ബോള്‍ കാമറകള്‍ പ്രവര്‍ത്തിക്കാത്തത് പൊലീസിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞദിവസം ഫോര്‍ട്ട്കൊച്ചിയില്‍ നടന്ന ഒരു കുറ്റകൃത്യത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ക്കായി പൊലീസിന് സ്വകാര്യവ്യക്തികളെ സമീപിക്കേണ്ടി വന്ന സാഹചര്യമുണ്ടായി.

സുരക്ഷാ പ്രശ്നങ്ങളുണ്ടായാല്‍ അത് കണ്ടെത്താൻ കാമറകള്‍ അനിവാര്യമാണ്. ആഘോഷവേളയില്‍ ലഹരിമരുന്നുകളുടെ ഒഴുക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കാമറകള്‍ ഉടൻ പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.