എഴുത്ത് കുട്ടിക്കളിയല്ല അനഘക്ക്

പാലക്കാട്: മഴയേയും ആകാശത്തെയും ഭൂമിയെയും അളവറ്റ് സ്നേഹിച്ച ആ കൊച്ചുമിടുക്കി അവയെ അക്ഷരങ്ങളിലേക്ക് കൂടെ കൂട്ടിയപ്പോള്‍ പിറന്നത് ഒത്തൊരുമയുടെ സന്ദേശം പറയുന്ന നോവല്‍.

കുന്നോളം സംശയങ്ങളുമായി കുഞ്ഞുകാര്യങ്ങളിലെ ഭംഗിയാസ്വദിച്ച്‌, കൗതുകവും ചോദ്യങ്ങളും വരികളില്‍ നിറച്ച ഈ ഏഴാംക്ലാസുകാരി അങ്ങനെ പ്രായം കുറഞ്ഞ എഴുത്തുകാരികളുടെ പട്ടികയിലേക്ക് കൂടിയാണ് ചുവടുവെച്ചത്.

ഭാരതമാത സി.എം.ഐ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിനിയായ അനഘ പ്രവീണിന്റെ ആംഗലേയ ഭാഷയിലുള്ള മൂന്ന് നേവലുകളുടെ പരമ്ബരയായ എതറിയല്‍ എയ്റ്റിലെ ആദ്യ നോവലാണ് ‘ഡാര്‍ക്ക്‌ റൂട്ട്’. മനുഷ്യരാശി ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായതിനുശേഷം ഉത്ഭവിക്കുന്ന മാന്ത്രിക സിദ്ധികളുള്ള ജീവികളാണ് എല്‍വ്സ്. എത്രോണിയ ഭൂഖണ്ഡത്തില്‍ ജീവിക്കുന്ന എല്‍വുകള്‍ക്ക് നേരിടേണ്ടിവരുന്ന വൻവിപത്തും അതുവരെ ശത്രുതയിലായിരുന്ന വിവിധ വര്‍ഗങ്ങളില്‍പെട്ട എല്‍വ്സ് ഒന്നിച്ചുചേര്‍ന്ന് ആ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതുമാണ് നോവല്‍ പരമ്ബരയുടെ കഥാസാരം. ആറുവയസ്സ് മുതലാണ് എഴുതിത്തുടങ്ങിയത്. കവിതകളും ചെറുകഥകളും എഴുതിയിട്ടുണ്ട്.

ഒന്നരവര്‍ഷംനീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ നോവല്‍. പാലക്കാട് കല്‍മണ്ഡപം ഗാന്ധിനഗറില്‍ താമസിക്കുന്ന പ്രവീണ്‍ ഭാസ്കര-സ്മിത ദമ്ബതികളുടെ മകളാണ്. കരിമ്ബന ബുക്സ് പ്രസിദ്ധീകരിച്ച ഡാര്‍ക്ക്‌ റൂട്ടിന്റെ ആദ്യ പതിപ്പ് കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവൻ, ജില്ല പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍. അജയന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

അനഘയുടെ സഹോദരനായ ബ്രഹ്മദത്ത് പ്രവീണാണ് പുസ്തകത്തിന്റെ കവര്‍ രൂപകല്‍പന ചെയ്തത്. ജെ.കെ. റൗളിങ്, എറിൻ ഹണ്ടര്‍, റിക്ക് റിയോര്‍ഡൻ, അമീഷ് ത്രിപാഠി തുടങ്ങിയ എഴുത്തുകാരുടെ ആരാധികയായ അനഘ വലുതാകുമ്ബോള്‍ ഇന്ത്യൻ ഫോറിൻ സര്‍വിസ് ഉദ്യോഗസ്ഥയാനാണ് ആഗ്രഹമെന്ന് പറഞ്ഞു.