മണിപ്പൂരിലെ ഹോസ്റ്റലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 22 കാരനെ രക്ഷപ്പെടുത്തി; തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തു

ഗുവാഹത്തി: മണിപ്പൂരിലെ ഹോസ്റ്റലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 22 കാരനെ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഡി.എം കോളജ് ഓഫ് സയൻസ് ന്യൂ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് ലൈഷ്‌റാമിനെ തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയവര്‍ 15 ലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. പിടിയിലായവരില്‍ നിന്ന് എ.കെ 47 തോക്കുകളും പിസ്റ്റളും വെടിയുണ്ടകളും 13 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെയാണ് സുരക്ഷസേനയില്‍നിന്ന് ആയുധങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ഇത് പൊലീസിന് തലവേദനയായി തുടരുകയാണ്.

അതിനിടെ, മണിപ്പൂരിലെ കെയ്ബി ഗ്രാമത്തില്‍ വംശീയ സംഘര്‍ഷത്തിനിടെ ആള്‍ക്കൂട്ടം 55 കാരിയായ നാഗാ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ഒമ്ബത് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതായി സി.ബി.ഐ ശനിയാഴ്ച അറിയിച്ചു. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ നടന്ന കൊലപാതകത്തില്‍ അഞ്ച് സ്ത്രീകളടക്കം ഒമ്ബത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ഒരു കാറും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. മണിപ്പൂര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച്‌ സി.ബി.ഐ പിന്നീട് ഇവരെ കസ്റ്റഡിയില്‍ വിട്ടു.