പമ്ബുടമകള്‍ക്ക് കുടിശ്ശിക 72 കോടി; സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിര്‍ത്തിയേക്കും
കൊച്ചി: കോടികള്‍ കുടിശ്ശികയായതോടെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം കടമായി നല്‍കുന്നത് നിര്‍ത്തിവെക്കാൻ സംസ്ഥാനത്ത് പമ്ബുടമകളുടെ നീക്കം.
72 കോടിയാണ് പമ്ബുടമകള്‍ക്ക് നല്‍കാനുള്ളത്. ഏറ്റവും കൂടുതല്‍ കുടിശ്ശിക പൊലീസ് വകുപ്പിലാണ് -38 കോടി രൂപ. ആരോഗ്യവകുപ്പും തദ്ദേശ വകുപ്പുമാണ് തൊട്ടുപിന്നില്‍.
സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ കുടിശ്ശികയുണ്ടെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ചൂണ്ടിക്കാട്ടുന്നു. പൊതുമേഖല വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയതിന്‍റെ പണം ഏറ്റവുമൊടുവില്‍ ജൂണിലാണ് നല്‍കിയത്. പൊലീസ് വാഹനങ്ങള്‍, അഗ്നിരക്ഷാസേന, വിവിധ ഡിപ്പാര്‍ട്ട്മെന്‍റ് വാഹനങ്ങള്‍ എന്നിവയൊന്നും ഇന്ധനം നിറച്ച് പോകുന്നതല്ലാതെ പണം നല്‍കുന്നില്ല. കോട്ടയം റൂറലില്‍ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ ഒരു പമ്ബിന് മാത്രം കിട്ടാനുള്ളത് 35 ലക്ഷം രൂപയാണ്. ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖല എണ്ണക്കമ്ബനികളുടെ രണ്ടായിരത്തോളം ഡീലര്‍മാരാണ് സംഘടനയിലുള്ളത്. കമ്ബനികള്‍ക്ക് മുന്‍കൂര്‍ പണമടച്ചാണ് ഡീലര്‍മാര്‍ ഇന്ധനം വാങ്ങുന്നത്.
ഈ സാഹചര്യത്തിലാണ് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെക്കാൻ ആലോചിക്കുന്നതെന്ന് ഫെഡറേഷൻ പ്രസിഡന്‍റ് ടോമി തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യപടിയായി ഇന്ധനം നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുക, ജനുവരി മുതല്‍ വിതരണം തീര്‍ത്തും നിര്‍ത്തുക എന്നീ നടപടികള്‍ക്കാണ് നീക്കം.