മീഡിയ ബോക്സിന്റെ ചില്ല് അടിച്ച്‌ തകര്‍ത്ത് റിങ്കു സിംഗ്

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യ്ക്കിടെ മീഡിയ ബോക്സിന്റെ ചില്ല് അടിച്ച്‌ തകര്‍ത്തു.

ഇന്ത്യൻ ബാറ്റിംഗിന്റെ 19-ാം ഓവറിലാണ് സംഭവം. ഇന്ത്യൻ മധ്യനിര താരം റിങ്കു സിംഗാണ് തകര്‍പ്പൻ സിക്സ് നേടിയത്. എയ്ഡാൻ മാക്രം എറിഞ്ഞ 19-ാം ഓവറിലെ അവസാന രണ്ട് പന്തുകളും റിങ്കു നിലം തൊടാതെ അതിര്‍ത്തി കടത്തി. രണ്ടാമത്തെ സിക്സ് ചെന്നുപതിച്ചത് മാധ്യമപ്രവര്‍ത്തകരുടെ ഗ്യാലറിയിലെ ചില്ലിലാണ്.

മത്സരത്തില്‍ അതുവരെ ഒരല്‍പ്പം ശാന്തമായാണ് റിങ്കു ബാറ്റ് ചെയ്തത്. അര്‍ദ്ധ സെഞ്ചുറി പിന്നിടുമ്ബോള്‍ ഒമ്ബത് ഫോറുകളാണ് റിങ്കുവിന്റെ പേരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എയ്ഡൻ മാക്രമിനെതിരെ റിങ്കു ഉഗ്രരൂപം പുറത്തെടുത്തു. ആ ഓവറില്‍ 16 റണ്‍സ് നേടിയ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കാൻ മൂന്ന് പന്ത് മാത്രം ബാക്കി നില്‍ക്കെ കനത്ത മഴ മത്സരം തടസപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്റെയും റിങ്കു സിംഗിന്റെയും തകര്‍പ്പൻ അര്‍ദ്ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നേടിത്തന്നത്.