കുതികുതിച്ച്‌ വില

പാലക്കാട്: സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തന്നെ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വില വര്‍ധിച്ചതായാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മുളക്, ഡാല്‍ഡ എന്നിവയുടെ വില കുറഞ്ഞു. മട്ട അരി ജൂണില്‍ കിലോയ്ക്ക് 49.25 രൂപയായിരുന്നത് ഡിസംബറില്‍ 51.43 ആയി വര്‍ധിച്ചു. നാടൻ, റോസ് എന്നിവ യഥാക്രമം 47.29, 50.22 ആയിരുന്നത് 49.43, 51.44 എന്നിങ്ങനെ കൂടി. ആന്ധ്ര വെള്ള കിലോക്ക് ആറ് മാസത്തിനുള്ളില്‍ മൂന്ന് രൂപയാണ് വര്‍ധിച്ചത്. 42.46 ല്‍ നിന്ന് 45.74 ആയും, പാലക്കാട് ജയ 43.50 ല്‍ നിന്ന് 44.50 ആയും ഉയര്‍ന്നു.

അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനുള്ള സപ്ലൈകോ വില്‍പനശാലകളില്‍ പല സാധനങ്ങളും കിട്ടാനില്ല. 13 ഇനം സബ്സിഡി സാധനങ്ങള്‍ ലഭിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. ഇതിനാല്‍ ജനം പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.