വടാപാവ് മുതല്‍ ബിരിയാണി വരെ; ലെയ്‌സിന് ഇതെന്തുപറ്റി, കാരണം തിരഞ്ഞ് ഭക്ഷണപ്രേമികള്‍
ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട സ്‌നാക്‌സ് ആണ് ലെയ്‌സ്. എല്ലാ തലമുറയും ഇഷ്ടപ്പെടുന്ന ലഘുഭക്ഷണം കൂടിയാണിത്.
വിവിധ രുചികളില്‍ ലെയ്‌സ് ലഭ്യമാണെങ്കിലും ഇപ്പോള്‍ ഒരു ലിങ്ക്ഡ്‌ഇൻ ഉപയോക്താവ് ലെയ്‌സിന്റെ നിലവിലെ ഫ്ലേവറുകളില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, തനത് ഇന്ത്യൻ രുചികള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള എഐ ജനറേറ്റഡ് ചിത്രങ്ങള്‍ കൂടി പങ്കിട്ടിട്ടുണ്ട്.
അഭിഷേക് പ്രഭു എന്ന പേരിലുള്ള ലിങ്ക്ഡ്‌ഇൻ ഉപയോക്താവാണ് ലെയ്‌സിന്റെ പുതിയ രുചിയുള്ള ചിത്രം പങ്കിട്ടത്. ക്ലാസിക് മസാല രുചിക്ക് അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് ഉപയോക്താവ് കമ്ബനിയെ ഓര്‍മ്മിച്ചിട്ടുണ്ട്. പഴയ അതേ മാജിക് മസാല രുചി മടുത്തെന്നും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന രുചികള്‍ പരീക്ഷിക്കാൻ കമ്ബനിയെ പ്രേരിപ്പിക്കുകയുമാണ് അഭിഷേക് പ്രഭു ചെയ്തത്.
ലെയ്‌സ് ചിപ്‌സുകളില്‍ സാധാരണ മസാല രുചിക്ക് പകരം പ്രാദേശിക രുചികള്‍ സംയോജിപ്പിക്കുക എന്ന ആശയം അഭിഷേക് നിര്‍ദേശിച്ചു. പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു ജനപ്രിയ ലഘുഭക്ഷണമായ ധോക്‌ല മുതല്‍ രാജ്യത്തുടനീളം ആരാധകരുള്ള ബിരിയാണി വരെ ഈ രുചികളിലുണ്ട്. ക്രീമും സ്വാദും നിറഞ്ഞ ഉത്തരേന്ത്യൻ കറിയായ ബട്ടര്‍ ചിക്കൻ, പഹാഡോണ്‍ വാലി മാഗി എന്നീ രുചികളിലുള്ള ലെയ്‌സിന്റെ എഐ ചിത്രങ്ങള്‍ അഭിഷേക് നിര്‍മ്മിച്ചിട്ടുണ്ട്.
ആഗോള ലെയ്‌സ് പ്രേമികള്‍ക്കായി ‘ഇന്ത്യൻ മസാല’ മാത്രമല്ല, ഇന്ത്യയുടെ പാചക വൈവിധ്യത്തിന്റെ ഒരു ശ്രോണി തന്നെ അവതരിപ്പിച്ചാല്‍ നന്നായിരിക്കും എന്നുള്ള കമന്റുകളാണ് അഭിഷേകിന്റെ പോസ്റ്റിന് ലഭിക്കുന്നത്.