കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ്

വാഷിങ്ടണ്‍: അമേരിക്കൻ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ് സേന. ബാലിസ്റ്റിക് മിസൈലുകളാണ് കപ്പലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ തൊടുത്തുവിട്ടത്.

എന്നാല്‍, ലക്ഷ്യംകാണാൻ അവർക്ക് കഴിഞ്ഞില്ലെന്നും മിസൈലുകള്‍ കടലില്‍ പതിച്ചെന്നും യു.എസ് സേന അറിയിച്ചു. സംഭവത്തില്‍ കപ്പലിന് തകരാറോ ജീവനക്കാർക്ക് ആർക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും യു.എസ് അറിയിച്ചു.

കപ്പലുകള്‍ക്ക് നേരെ മൂന്ന് ദിവസത്തിനിടെയുണ്ടാവുന്ന മൂന്നാമത്തെ ഹൂതി ആക്രമണമാണ് ഇത്. വ്യാഴാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് എം/വി ചെം റേഞ്ചർ എന്ന യു.എസ് ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആർക്കും പരിക്കേല്‍ക്കുകയോ കപ്പലിന് കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് യു.എസ് സെൻട്രല്‍ കമാൻഡ് എക്സില്‍ കുറിച്ചു.

യു.എസ് സെൻട്രല്‍ കമാൻഡിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ഏദൻ കടലില്‍ കപ്പല്‍ ആക്രമിച്ചുവെന്ന് വ്യക്തമാക്കി ഹൂതികള്‍ രംഗത്തെത്തുകയും ചെയ്തു. അതേസമയം ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഹൂതികളുടെ നിലപാട്. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശത്തിനുള്ള മറുപടിയാണ് തങ്ങളുടെ ആക്രമണമെന്നും ഹൂതികള്‍ വ്യക്തമാക്കുന്നു.