ചൂടില്‍ തിളച്ച്‌ പാലക്കാട്

പാലക്കാട്: ചൂടിന്റെ തീവ്രത വർധിച്ചത് പാലക്കാട്ടുകാരെ വലിയ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഫെബ്രുവരി ആദ്യആഴ്ചയില്‍ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടായിരുന്നു 40.6 ഡിഗ്രി സെല്‍ഷ്യസ്.
മലമ്ബുഴ ഡാം 39.2, മങ്കര 38.9, ഒറ്റപ്പാലം 38.7 ഡിഗ്രി സെല്‍ഷ്യസ് ചൂടും അനുഭവപ്പെട്ടു.

എരിമയൂരില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നതായി റിപ്പോർട്ട് ചെയ്തെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. കാറ്റിന്റെ ദിശയനുസരിച്ച്‌ കൂടിയ ഉഷ്ണം പിന്നീട് മറ്റ് ജില്ലകളിലേക്ക് മാറിയെന്നത് തെല്ല് ആശ്വാസമാണെങ്കിലും ജലക്ഷാമം, വരള്‍ച്ച, വിളനാശം എന്നിവയുടെ ഭീഷണി നിലനില്‍കുന്നു.

ചൂടിന്റെ തോത് വർധിക്കുന്നു

രണ്ടുവർഷമായി വേനലില്‍ ഉഷ്ണത്തിന്റെ തോതില്‍ വർധനയുണ്ട്. ആഗോളതല അന്തരീക്ഷ മാറ്റത്തിനൊപ്പം പ്രാദേശിക ഘടകങ്ങളും ഇതിന് കാരണമാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം സംസ്ഥാനത്ത് സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളില്‍നിന്നുള്ള ഡാറ്റകള്‍ ലഭ്യമായി തുടങ്ങിയെങ്കിലും, തുടക്കത്തിലുള സാങ്കേതിക പ്രശ്നങ്ങള്‍ കണക്കുകളെ ബാധിക്കുന്നെന്നാണ് പരാതി. ചിലതില്‍ ഡാറ്റകള്‍ കൃത്യമല്ല. താരതമ്യം ചെയ്യാൻ കഴിഞ്ഞതവണ ഈ പ്രദേശങ്ങളില്‍ അനുഭവിച്ച ഉഷ്ണത്തിന്റെ അളവും ലഭ്യമല്ല വെതർ സ്റ്റേഷനില്ലാത്ത സ്ഥലങ്ങളില്‍ ഇതില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നുണ്ടാകുമെന്ന് കാലാവസ്ഥ ഗവേഷകർ നിരീക്ഷിക്കുന്നു.

മാർച്ചും ഏപ്രിലുംചുട്ടുപൊള്ളും

അടുത്ത രണ്ടുമാസം പതിവിലും കൂടുതല്‍ ചൂടുയരാൻ സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പകല്‍ വെയിലിന്റെ കാഠിന്യം കൂടുന്നു.

അണക്കെട്ട് പ്രദേശങ്ങളിലാണ് ചൂട് കൂടുതല്‍. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജില്ലയില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെ (എ.ഡബ്ല്യൂ.എസ്) വിവരപ്രകാരം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കാഞ്ഞിരപ്പുഴയിലാണ് 40.5 ഡിഗ്രി സെല്‍ഷ്യസ്.

അതിരാവിലെ തണുപ്പ് 16 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. മലയോര മേഖലയായ അട്ടപ്പാടി, നെല്ലിയാമ്ബതി, പറമ്ബിക്കുളം എന്നിവിടങ്ങളില്‍ ഇതിലും താഴ്ന്ന തണുപ്പ് രേഖപ്പെടുത്തി. പകല്‍ 11 മുതല്‍ മൂന്നുവരെയാണ് ചൂട് കൂടുന്നതെന്ന് റിട്ട. കാലാവസ്ഥ ഉദ്യോഗസ്ഥൻ ഗോപകുമാർ ചോലയില്‍ പറഞ്ഞു. നിലവില്‍ സൂര്യതാപമേറ്റ കേസുകള്‍ രേഖപ്പെടുത്തിയിട്ടില്ല.

‘ജാഗ്രതൈ’; സൂര്യാതപം സൂര്യാഘാതം

നേരിട്ട് വെയിലേല്‍ക്കുന്ന ജോലികളില്‍ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണം. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതിനാല്‍ സൂര്യാതപമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്ബോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും.

താപനില പതിവിലും ഉയരുമ്ബോള്‍ വറ്റിവരണ്ടു ചുവന്നുചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, പേശീവേദന, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, അസ്വസ്ഥമായ മാനസികാവസ്ഥ, അബോധാവസ്ഥ എന്നിവയുണ്ടാകുന്നു. ചൂട് മൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്. ഇത്തരം അവസ്ഥകളുണ്ടായാല്‍ അടിയന്തരമായി ഡോക്ടറെ കാണണം.

മുന്നറിയിപ്പുമായി ഡി.എം.ഒ

ജില്ലയില്‍ അന്തരീക്ഷതാപനില വർധിച്ചുവരികയാണെന്നും സൂര്യാഘാതമേല്‍ക്കാതിരിക്കാൻ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസർ (ആരോഗ്യം) ഡോ. കെ.ആർ. വിദ്യ അറിയിച്ചു.