തിരിച്ചറിയുന്നു കാലത്തിന്‍റെ മാറ്റങ്ങള്‍

മൂന്നു ദിവസമായി പ്രതിപക്ഷം ഒരേ ചോദ്യമാണ്. പുഷ്പനെ അറിയാമോ?.. മറന്നുവോ? എന്നൊക്കെ. സ്വകാര്യ-വിദേശ സർവകലാശാലകളെ കുറിച്ച ബജറ്റ് നിർദേശത്തിലെ സി.പി.എം.നയം മാറ്റമുയർത്തിയായിരുന്നു ചോദ്യമുന. അതേ, പുഷ്പനെ ഓർമയുണ്ട്. ആരും ഒന്നും മറന്നിട്ടേയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ തറപ്പിച്ച്‌ മറുപടി പറഞ്ഞു. അന്ന് സമരം ചെയ്തവരുടെ കൂട്ടത്തില്‍ ധനമന്ത്രിയുമുണ്ടായിരുന്നല്ലോ. കാലത്തിന്‍റെ മാറ്റങ്ങള്‍ മനസ്സിലാക്കുകയും തിരിച്ചറിയുകയും വേണമല്ലോയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. 40 വർഷങ്ങള്‍ക്ക് മുമ്ബ് ട്രാക്ടറിനെതിരെ തങ്ങള്‍ സമരം ചെയ്തിരുന്നു. 3000 തൊഴിലാളികള്‍ പണിക്കിറങ്ങാൻ നില്‍ക്കുമ്ബോഴാണ് അന്നത്തെ സമരമെന്ന് ഓർക്കണം. കമ്ബ്യൂട്ടറിനെതിരായ സമരവും അങ്ങനെ. 30,000 കുട്ടികള്‍ വർഷം വിദേശത്തേക്ക് പോകുന്ന ഘട്ടത്തിലാണ് ഈ ചർച്ച. ചർച്ച പോലും പാടില്ലേ?. മന്ത്രി പറ്റുംവിധമൊക്കെ ന്യായീകരിച്ചു. സി.പി.എം. പോളിറ്റ് ബ്യൂറോ എതിർത്തിരിക്കെ വെറും ചർച്ച നടത്തിയതിന് എസ്.എഫ്.ഐക്കാർ കരണത്തടിച്ച്‌ നിലത്തിട്ട ടി.പി. ശ്രീനിവാസനോട് പി.ബി അംഗമായ മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്നായി പ്രതിപക്ഷ നേതാവ്. ബജറ്റ് ചർച്ചയുടെ സമാപനത്തില്‍ സമ്ബദ്വ്യവസ്ഥയുടെ കുതിപ്പാണ് ഭരണപക്ഷം അവകാശപ്പെട്ടതെങ്കില്‍ സാമ്ബത്തിക സൂചകങ്ങള്‍ വെച്ച്‌ താഴേക്ക് പോകുന്നുവെന്നാണ് പ്രതിപക്ഷ വാദം. ഇതു സൂരോദയമാണോ സൂര്യാസ്തമയമാണോ എന്ന് സതീശൻ അത്ഭുതം കൂറിയപ്പോള്‍ കലക്കവെള്ളത്തില്‍ മീൻപിടിക്കാൻ നോക്കേണ്ടെന്നായി ധനമന്ത്രി. ബജറ്റില്‍ വികസനത്തിന്‍റെ കവാടമെന്ന് വിഴിഞ്ഞത്തെ വിശേഷിപ്പിച്ചത് മുഖ്യമന്ത്രിയുടെ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട് വാദത്തെ തിരുത്തിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെച്ചു. വി.എസിന്‍റെ കാലത്ത് വിഴിഞ്ഞത്തിന്‍റെ ടെൻഡർ നടന്നുവെന്നും ചൈനീസ് കമ്ബനിയുടെ പങ്കാളിത്തമെന്ന് ആരോപിച്ച്‌ കേന്ദ്രം അനുമതി നല്‍കിയില്ലെന്നും ബാലഗോപാല്‍ തിരിച്ചടിച്ചു. അന്ന് എ.കെ. ആന്‍റണിയായിരുന്നു പ്രതിരോധ മന്ത്രി. വികസന പദ്ധതികളുടെയൊക്കെ പൃതൃത്വം അവകാശപ്പെടാൻ ഭരണ-പ്രതിപക്ഷങ്ങളുടെ തത്രപ്പാടാണ് കണ്ടത്.

എൻ.കെ. പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനെ ഭരണപക്ഷം വിടുന്ന മട്ടില്ല. മുഖ്യമന്ത്രിയുടെ വസതിയില്‍ കേന്ദ്രമന്ത്രി ഗഡ്കരിയും കുടുംബവും അതിഥിയായി എത്തിയത് എടുത്തിട്ട വി.ഡി. സതീശൻ നിങ്ങള്‍ പ്രേമചന്ദ്രന്‍റെ നേരേ വിരല്‍ചൂണ്ടിയാല്‍ നാലു വിരലുകള്‍ നിങ്ങള്‍ക്ക് നേരേ വരുമെന്ന് ഓർമിപ്പിച്ചു. പ്രേമചന്ദ്രന്‍റെ സന്ദർശനത്തെ അത്ര നിഷ്കളങ്കമായി ധനമന്ത്രി കണ്ടില്ല. റെഡ് ലൈറ്റ് കാണുന്നുണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ കൊള്ളാം. പ്രതിപക്ഷത്തെ ഓർമിപ്പിച്ചു.

ബി.ജെ.പി ഓണം ബമ്ബർ അടിച്ച സ്ഥിതിലാണെന്നും കാല്‍ക്കാശ് ചെലവില്ലാതെ നിയമസഭയില്‍ പടവെട്ടാൻ 41 പേരെ അവർക്ക് കിട്ടിയെന്നും ഇ.ടി. ടൈസണ്‍ പരിഹസിച്ചു. ഭക്ഷ്യവകുപ്പിനെ മാത്രം മാറ്റി നിർത്തി മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച്‌ ചോര കുടിക്കുന്ന കുറുക്കന്‍റെ കൗശലം നടപ്പില്ല. ബജറ്റില്‍ സൂര്യോദയം പോയിട്ട് മിന്നാമിനുങ്ങിന്‍റെ വെട്ടം പോലും ടി.വി. ഇബ്രാഹിമിന് കാണാനായില്ല. പ്രതിപക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളോട് വിവേചനംതന്നെ. അതുകൊണ്ടുതന്നെ മലപ്പുറത്തിന് ഇത് സൂര്യാസ്തമയ ബജറ്റാണെന്നാണ് വിശേഷിപ്പിച്ചത്. രാമക്ഷേത്രം അഭിലാഷമെന്ന പരാമർശം കുരങ്ങിന് ഏണിവെച്ചുകൊടുക്കുന്ന പണിയാണെന്ന് കെ.ടി. ജലീല്‍.