ജ്ഞാനപീഠ പുരസ്‌കാരം; ഗുല്‍സാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും
ന്യൂഡല്‍ഹി: 2023-ലെ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. വിഖ്യാത ഉറുദുകവിയും ഹിന്ദിഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്‌ക്കുമാണ് പുരസ്‌കാരം.
ഹിന്ദി സിനിമക്ക് ഗുല്‍സാർ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. 2002-ല്‍ ഉറുദുവിനുള്ള സാഹിത്യ അക്കാദമി അവാർഡ്, 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാർഡ്, 2004-ല്‍ പത്മഭൂഷണ്‍, ഒന്നിലധികം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഗുല്‍സാറിന് ഇതിനകം ലഭിച്ചിട്ടുണ്ട്. ‘സ്ലംഡോഗ് മില്യണയർ’ എന്ന സിനിമയിലെ ‘ജയ് ഹോ’ എന്ന ഗാനം ഗുല്‍സാറിെൻറ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഗാനമാണ്. ഇത് 2009-ല്‍ ഓസ്കാർ പുരസ്കാരവും 2010-ല്‍ ഗ്രാമി പുരസ്കാരവും നേടി.
ചിത്രകൂടത്തിലെ തുളസി പീഠത്തിെൻറ സ്ഥാപകനും തലവനുമായ ജഗദ്ഗുരു റാംഭദ്രാചാര്യ ഹിന്ദു ആത്മീയ നേതാവും വിദ്യാഭ്യാസ വിചക്ഷണനുമാണ്. 2015-ല്‍ ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പത്മവിഭൂഷണ്‍ പുരസ്കാരവും നല്‍കി ആദരിച്ചു . 22 ഭാഷകളില്‍ പ്രാവീണ്യമുള്ള രാമഭദ്രാചാര്യ സംസ്കൃതം, ഹിന്ദി, അവധി, മൈഥിലി എന്നിവയുള്‍പ്പെടെ വിവിധ ഇന്ത്യൻ ഭാഷകളില്‍ പ്രാവീണ്യമുള്ള കവിയും എഴുത്തുകാരനുമാണ്. സംസ്‌കൃത ഭാഷകളിലായി 100ലേറെ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്. 21 ലക്ഷം രൂപയും വാഗ്ദേവിയുടെ പ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.