മാവോവാദി അറസ്റ്റ്; മജിസ്ട്രേറ്റ് മൊഴിയെടുത്തു

പയ്യന്നൂർ: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാവോവാദി ചിക്കമഗളൂരു സ്വദേശി എ. സുരേഷിനെ (45) പ്രവേശിപ്പിച്ച കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് സുരക്ഷ തുടരുന്നു. ആശുപത്രി പരിസരത്തും തീവ്രപരിചരണ വിഭാഗത്തിന് മുന്നിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആന്റി നക്സല്‍ ഫോഴ്സിലെ പത്തോളം സേനാംഗങ്ങളും നിരവധി സാധാരണ പൊലീസുകാരും ഡ്യൂട്ടിയിലുണ്ട്.

വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കാലിനും കൈയിലുമുള്ള പരിക്കുകളല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇയാള്‍ക്കില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷീജ മോഹന്‍രാജ് ഐ.സി.യുവിലെത്തി സുരേഷിന്റെ മൊഴി രേഖപ്പെടുത്തി. സുരേഷിനെതിരെ യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എ.കെ 47 തോക്കുകളുമായി ആശുപത്രിയില്‍ പൊലീസിന്റെ സാന്നിധ്യം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. സുരേഷ് ചികിത്സയിലുള്ള ഐ.സി.യുവിലെത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും പൊലീസ് ചോദ്യംചെയ്യുന്നത് വലിയ പ്രശ്‌നമായി മാറിയെന്നാണ് പരാതി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് പരിക്കേറ്റ മാവോവാദിയെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ വീട്ടിലെത്തിച്ച ശേഷം മറ്റു സംഘാംഗങ്ങള്‍ രക്ഷപ്പെട്ടത്.