കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും

തലശ്ശേരി: കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും. വില്ലേജ് ഓഫിസർ നിരപരാധിയാണെന്ന് കണ്ട് തലശ്ശേരി വിജിലൻസ് കോടതി വിട്ടയച്ചു.

ചാവശ്ശേരി വില്ലേജ് ഓഫിസറായ വിനോദ്, വില്ലേജ് അസിസ്റ്റന്റ് രജീഷ് എന്നിവരെ 2013 ഫെബ്രുവരി രണ്ടിന് ഭൂനികുതി അടക്കുന്നതിന് പരാതിക്കാരനായ അഷ്റഫ് എന്നയാളില്‍നിന്ന് 2500 രൂപ കൈപ്പറ്റുമ്ബോള്‍ കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പിയായിരുന്നു സുനില്‍ ബാബു അറസ്റ്റ് ചെയ്തെന്നാണ് കേസ്.

തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി മധുസൂദനൻ രണ്ടാം പ്രതിയായ വില്ലേജ് അസിസ്റ്റന്റ് രജീഷിനെ ഒരു വർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

വില്ലേജ് ഓഫിസറായ ഒന്നാംപ്രതി വിനോദിനെ കുറ്റമുക്തനാക്കി. ഒന്നാം പ്രതി വിനോദിന് വേണ്ടി അഡ്വ. പി. രാജീവ്, അഡ്വ. പ്രദീപ് കുമാർ മുച്ചിലോട്ട് എന്നിവരും പ്രോസിക്യൂഷനു വേണ്ടി ഉഷാകുമാരിയും ഹാജരായി.