ഗസല്‍ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

ന്യൂഡല്‍ഹി: വിഖ്യാത ഗസല്‍ ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11-ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മകള്‍ നയാബ് ഉധാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. ‘ചിട്ടി ആയി ഹെ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉധാസ്.

1986-ല്‍ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രം മുതലാണ് പിന്നണി ഗായകൻ എന്ന നിലയില്‍ പങ്കജ് ഉധാസ് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് സമാന്തരമായൊരു പാത തന്നെ തുറന്നെങ്കിലും പങ്കജ് ഉധാസിന്റെ പ്രണയം എന്നും പ്രണയവും ലഹരിയും ഇഴചേർന്ന, നിലാവിന്റെ നനവുള്ള ഗസലിനോടായിരുന്നു.

ഗുജറാത്തിലെ ചർഖ്ഡി എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച പങ്കജിന്റെ രക്തത്തില്‍ അലിഞ്ഞുചേർന്നതായിരുന്നു പാട്ടിനോടുള്ള പ്രണയം. മൂത്ത് സഹോദരൻ മൻഹർ ഉധാസ് നേരത്തെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചയാളാണ്. കല്ല്യാണ്‍ജി ആനന്ദ്ജിമാരുടെ സഹായിയായി മുകേഷിനുവേണ്ടി ട്രാക്ക് പാടിയിരുന്ന മൻഹറിന് ഗുജറാത്തിയിലും ഹിന്ദിയിലും പഞ്ചാബിയിലും ബംഗാളിയിലുമായി മുന്നൂറിലേറെ ഗാനങ്ങള്‍ ആലപിച്ചെങ്കിലും അർഹിക്കുന്ന പ്രശസ്തി നേടിയെടുക്കാനായില്ല.

അതുകൊണ്ടു തന്നെ ചേട്ടന്റെ പാത പിന്തുടർന്നുവന്ന പങ്കജ് പിന്നണി ഗാനരംഗത്തേക്കാള്‍ ഗസലുകള്‍ക്ക് പ്രാധാന്യം കൊടുത്തു. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്.

മുംബൈയില്‍ സെന്റ് സേവിയേഴ്സ് കോളേജില്‍ പഠിക്കാനെത്തിയതോടെയാണ് ആ പ്രതിഭയ്ക്ക് വളരാനുള്ള വളക്കൂറുളള മണ്ണായത്. രാജകോട്ട് സംഗീത നാടക അക്കാദമിയില്‍ നിന്ന് തബല അഭ്യസിച്ചു. പിന്നീട് മാസ്റ്റർ നവരംഗിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഉഷ ഖന്ന ഈണമിട്ട കാംനയിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ചിത്രം പരാജയമായതോടെ ഗസലാണ് തന്റെ ലോകമെന്ന് പങ്കജ് തിരിച്ചറിഞ്ഞു. ഗസലിനെ ജീവിതവഴിയായി തിരഞ്ഞെടുക്കുന്നതും കാംനയുടെ പരാജയത്തോടെയാണ്.

ഗസല്‍ ജീവിതവഴിയായി തിരഞ്ഞെടുത്ത പങ്കജ് ആദ്യം ചെയ്തത് ഉറുദു പഠിക്കുകയാണ്. പിന്നീട് കാനഡയിലേയ്ക്ക് പറന്നു. പത്ത് മാസം കാനഡയിലും യു. എസിലും ഗസലുമായി അലഞ്ഞശേഷമാണ് പിന്നീട് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരുന്നത്. 1980ല്‍ ആഹത് എന്ന ആദ്യ ഗസല്‍ ആല്‍ബത്തോടെയാണ് പങ്കജ് തന്റെ വരവ് അറിയിച്ചത്. പിന്നീട് ഒരു തിരിഞ്ഞുനോട്ടമുണ്ടായില്ല പങ്കജ് ഉധാസിന്. സൈഗളിനും ജഗജിത്ത് സിങ്ങിനും തലത്ത് മുഹമ്മദിനുമെല്ലാം ഒപ്പം സമാനതകളില്ലാത്ത ആലാപനശൈലി ഇന്ത്യൻ ഗസലിന്റെ മുഖം തന്നെയായി മാറി പങ്കജ്.

ചുപ്കെ ചുപ്കെ, യുൻ മേരെ ഖാത്ക, സായ ബാങ്കർ, ആഷിഖോൻ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്ക ഗർ, ക്യാ മുജ്സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂൻഗാത്, പീനെ വാലോ സുനോ, റിഷ്തെ ടൂതെ, ആൻസു തുടങ്ങിയ ഇന്നും ഗസല്‍പ്രേമികള്‍ക്ക് ഒരു ഗാനമെന്നതിലേറെ ഒരു വികാരമാണ്. 2006-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.