Fincat

കനല്‍ച്ചാട്ടത്തിനിടെ 10 വയസ്സുകാരന്‍ തീക്കൂനയില്‍ വീണ സംഭവത്തില്‍ കേസെടുത്തു

പാലക്കാട്: ക്ഷേത്രത്തിലെ കനല്‍ച്ചാട്ടം ചടങ്ങിനിടെ 10 വയസ്സുകാരന്‍ തീക്കൂനയിലേക്ക് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു.ബാലാവകാശ കമീഷന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്.

ആലത്തൂര്‍ മേലാര്‍ക്കോട് പുത്തൻതറ മാരിയമ്മന്‍ കോവിലില്‍ പൊങ്കല്‍ ഉത്സവത്തിലെ കനല്‍ച്ചാട്ടത്തിനിടെയാണ് അപകടം. പുലര്‍ച്ച അഞ്ചരയോടെ പിതാവിനൊപ്പം കനല്‍ച്ചാട്ടം നടത്തുന്നതിനിടെ സ്കൂള്‍ വിദ്യാർഥിയായ 10 വയസ്സുകാരന്‍ തീക്കൂനയിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ വിദ്യാർഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. വിദഗ്ധ ചികിത്സക്ക് കോയമ്ബത്തൂരിലേക്ക് കൊണ്ടുപോയി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടി തീക്കൂനയില്‍ വീഴുന്ന ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നതോടെ സംഭവത്തില്‍ ബാലാവകാശ കമീഷന്‍ ഇടപെടുകയായിരുന്നു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോയെന്നും പരിശോധിക്കുന്നുണ്ടെന്നും കുട്ടിക്ക് കൗണ്‍സലിങ്ങും സംരക്ഷണവും ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.