ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി.കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ള സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത് കുഴിച്ചാണ് വീണ്ടും പരിശോധന.
തിരച്ചില്‍ രണ്ടാമതും തുടരുമ്ബോള്‍ പ്രതി നിതീഷിനെ സംഭവസ്ഥലത്ത് എത്തിച്ചിട്ടില്ല. കുട്ടിയെ മറവ് ചെയ്തത് ഇവിടെയാണെന്ന ആദ്യത്തെ മൊഴി പ്രതി നിതീഷ് മാറ്റിയിരുന്നു. പിന്നീട് വീണ്ടും നിതീഷിനെയും കൂട്ടുപ്രതി വിഷ്ണുവിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് തിരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലും സമാന്തരമായി തുടരുന്നുണ്ടെന്നാണ് സൂചന.
കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയൻ എന്നയാളെയും ഇദ്ദേഹത്തിന്‍റെ മകളുടെ നവജാത ശിശുവിനെയും കൊന്നു എന്നതാണ് കേസ്. ഇതില്‍ കുഞ്ഞ് പ്രതി നിതീഷിന്‍റേത് തന്നെയാണ്. വിവാഹത്തിന് മുമ്ബ് വിജയന്‍റെ മകളില്‍ നിതീഷിന് ജനിച്ച കുഞ്ഞിനെ നാണക്കേട് ഭയന്നാണ് 2016ല്‍ കൊലപ്പെടുത്തുന്നത്. കുഞ്ഞിനെ കൊല്ലുന്നതിന് വിജയനും കൂടെ നിന്നു.
കുഞ്ഞിനെ കൊന്ന ശേഷം സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്നാണ് നിതീഷിന്‍റെ മൊഴി. എന്നാല്‍ ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴും ഒന്നും കണ്ടെത്താനായിരുന്നില്ല.
വിജയനെ കൊലപ്പെടുത്തുന്നത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. ജോലിക്ക് പോകാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നിതീഷ് വിജയനെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. മൃതദേഹം വീടിനുള്ളില്‍ മറവ് ചെയ്യാൻ വിജയന്‍റെ ഭാര്യ സുമവും മകൻ വിഷ്ണുവും കൂട്ടുനിന്നതാണ്.
വിജയന്‍റേതെന്ന് കരുതപ്പെടുന്ന മൃതദേഹാവശിഷ്ടങ്ങള്‍ വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വിജയന്‍റേതാണോ എന്നുറപ്പിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിയിലായതാണ് നിതീഷും വിഷ്ണുവും. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.