സൂപ്പര്‍ഹിറ്റ് സിനിമക്ക് ടിക്കറ്റെടുത്തു, 10 മിനിറ്റ് പുറത്ത് നിര്‍ത്തി; തിയ്യറ്റര്‍ ഉടമക്ക് വൻ തുക പിഴ

മലപ്പുറം: തിയേറ്ററില്‍ യഥാസമയം എത്തിയിട്ടും തുടക്കം മുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാൻ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.

പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖില്‍ എന്നിവർ ചേർന്ന് നല്‍കിയ ഹരജിയിലാണ് കമ്മിഷൻ ഉത്തരവ്. 2023 എപ്രില്‍ 30നാണ് സംഭവം. മണി രത്നം സംവിധാനം ചെയ്ത ‘പൊന്നിയൻ സെല്‍വൻ 2’ പ്രദർശനം കാണുന്നതിനായി വൈകീട്ട് 6.45നാണ് പരാതിക്കാർ തിയേറ്ററിലെത്തിയത്.

ഏഴ് മണിക്ക് സിനിമ ആരംഭിക്കുമെന്ന് അറിയിച്ച സമയത്തും ജീവനക്കാർ യുവാക്കളെ തിയ്യറ്ററില്‍ പ്രവേശിക്കാൻ അനുവദിച്ചില്ല. 10 മിനിട്ട് കഴിഞ്ഞാണ് പ്രവേശനം അനുവദിച്ചത്. തിയേറ്റർ വൃത്തിയാക്കുകയാണെന്നാണ് ജീവനക്കാർ അറിയിച്ചത്. എന്നാല്‍ ഏഴ് മണിക്ക് തന്നെ തിയേറ്ററില്‍ പ്രദർശനം തുടങ്ങിയിരുന്നു. പ്രതിഷേധം പ്രകടിപ്പിച്ചവരോട് തിയേറ്റർ അധികൃതർ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി പരാതിക്കാർ ബോധിപ്പിച്ചു. ഒരു പ്രദർശനം കഴിഞ്ഞ് തിയേറ്ററിനകം വൃത്തിയാക്കിയ ശേഷമാണ് അടുത്ത പ്രദർശനം കാണാൻ പ്രവേശനം അനുവദിക്കുന്നതെന്നും പരാതിക്കാർ 7.05നാണ് തിയേറ്ററിലെത്തിയതെന്നും ബോധപൂർവ്വം പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും തിയേറ്ററിനു വേണ്ടി കമ്മീഷൻ മുമ്ബാകെ ബോധിപ്പിച്ചു.

സാധാരണ 10 മണി, ഒരു മണി, നാല് മണി, ഏഴ് മണി, രാത്രി 10 മണി എന്നിങ്ങനെ അഞ്ച് പ്രദർശനമാണ് ഉണ്ടാകാറെന്നും എല്ലാ സിനിമകളും രണ്ടര മണിക്കൂർ ദൈർഘ്യമുള്ളതാണെന്നും ‘പൊന്നിയൻ സെല്‍വൻ 2’ സിനിമ 2.55 മണിക്കൂർ ദൈർഘ്യമുള്ളതാണെന്നും അതിനുശേഷം വൃത്തിയാക്കാനെടുത്തത് രണ്ട് മിനിട്ട് സമയം മാത്രമാണെന്നും മഴ കാരണം പരാതിക്കാർ ഉള്‍പ്പെടെയുള്ള ഓണ്‍ലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത പ്രേക്ഷകർ വൈകി എത്തുകയാണ് ഉണ്ടായതെന്നും ബോധിപ്പിച്ചു. എന്നാല്‍ സിനിമയുടെ ദൈർഘ്യം കൂടുതലാണെന്ന കാരണത്താല്‍ പ്രേക്ഷകന് സിനിമ പൂർണ്ണമായി കാണാൻ അവസരം നിഷേധിച്ച നടപടി സേവനത്തില്‍ വന്ന വീഴ്ചയാണെന്ന് കമ്മീഷൻ വിധിച്ചു.

പ്രദർശനത്തിനും തിയേറ്റർ വൃത്തിയാക്കാനും പ്രവേശനത്തിനും സമയം ക്രമീകരിക്കാത്തത് തിയേറ്റർ അധികൃതരാണ്. പ്രേക്ഷകന് സൗകര്യപ്രദമായി തിയേറ്ററില്‍ പ്രവേശിക്കാനും വൃത്തിയുള്ള അന്തരീക്ഷത്തില്‍ സിനിമ പൂർണ്ണമായി കാണാനും അവകാശമുണ്ട്. ഈ കാര്യങ്ങളില്‍ വീഴ്ച വരുത്തിയിരിക്കയാല്‍ പരാതിക്കാരായ അഞ്ച് പേർക്കുമായി 50,000 രൂപ നഷ്ടപരിഹാരമായി നല്‍കണം. കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്ത പക്ഷം ഒമ്ബത് ശതമാനം പലിശയും നല്‍കണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവില്‍ പറഞ്ഞു.