നമ്മളില്‍ ഭൂരിഭാഗം പേരും ഇന്നത്തെ കാലത്ത് പണമിടപാടുകള്‍ക്ക് ബാങ്കുകളെ ആശ്രയിക്കുന്നവരാണ്. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളുട ആവിർഭാവത്തോടെ തികച്ചും നൂതനമായ മാർഗങ്ങളിലൂടെ ക്യാഷ്‌ലെസ് ഇക്കണോമി എന്ന സംവിധാനത്തെ നമ്മള്‍ പ്രോത്സാഹിപിച്ചു പോരുന്നു.
ഇത്തരത്തില്‍ ഏത് തരത്തിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും നമുക്ക് എന്ത് തന്നെയായാലും ബാങ്ക് അക്കൗണ്ടുകളുടെ സഹായം കൂടിയേ തീരൂ.
ഡിജിറ്റല്‍ ഇടപാടുകളില്‍ വളരെയധികം നിർണായക സ്വാധീനമുള്ളവയാണ് ബാങ്ക് അക്കൗണ്ടുകള്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കാരണത്താല്‍ തന്നെ ബാങ്ക് അക്കൗണ്ടുകള്‍ സധാ സർക്കാർ സംവിധാനങ്ങളുടെ നിരീക്ഷണത്തില്‍ ആയിരിക്കും. അതിനായി എപ്പോഴും ആദായ നികുതി വകുപ്പ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ പ്രവർത്തിക്കുന്നുമുണ്ട്.
നിങ്ങള്‍ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ അത് ഉറപ്പായും ഇത്തരത്തിലുള്ള ഏജൻസികള്‍ അറിയുമെന്നത് തീർച്ച. പലർക്കും ഇക്കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടാവും. കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ കണ്ടെത്താനാണ് ഈ ഏജൻസികള്‍ എപ്പോഴും നിരീക്ഷിക്കുന്നതെന്ന കാര്യം ഓർമ്മയില്‍ ഇരിക്കട്ടെ.
ബാങ്കില്‍ പണം നിക്ഷേപിക്കുന്ന വേളയില്‍ എന്തെങ്കിലും തരത്തിലുള്ള നികുതി നല്‍കേണ്ടതായിട്ടുണ്ടോ എന്ന ചോദ്യം പലരുടെ മനസിലും ഉയരുന്നുണ്ടാവും. ബാങ്കില്‍ നിന്ന് പണം പിൻവലിക്കുമ്ബോഴും സമാനമായ രീതിയില്‍ നികുതി ബാധ്യത നേരിടേണ്ടി വരുമോ എന്ന ചോദ്യവും ഈ ഘട്ടത്തില്‍ പ്രസക്തമാണ്. ഇതുമായി ബന്ധപ്പെട്ട നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.
ഒരു സാമ്ബത്തിക വർഷത്തില്‍ ഒരു വ്യക്തി സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിച്ചു എന്നു കരുതുക, അത്തരം ഘട്ടങ്ങളില്‍ ഈ വിനിമയങ്ങള്‍ റിപ്പോർട്ട് ചെയ്യാൻ ബാങ്കിന് നിയമപരമായി ബാധ്യതയുണ്ട്. കറന്റ് അക്കൗണ്ട് ഉടമകളെ സംബന്ധിച്ച് ഈ പരിധി 50 ലക്ഷം രൂപയാണ് എന്ന് ഓർക്കണം. അതായത് ഈ പരിധിക്ക് അപ്പുറമുള്ള നിക്ഷേപങ്ങളില്‍ പണത്തിന്റെ ഉറവിടം എന്തെന്ന് ബോധ്യപ്പെടുത്താൻ നിങ്ങള്‍ ബാധ്യസ്‌ഥനാണ് എന്ന് മാത്രം.
ആദായ നികുതി നിയമത്തിലെ വകുപ്പ് 194എൻ പ്രകാരം, പണം പിൻവലിക്കുമ്ബോള്‍ ടിഡിഎസ് കണക്കാക്കുന്നത് ഈ പ്രകാരമാണ്. ഒരു സാമ്ബത്തിക വർഷത്തില്‍ 1 കോടി രൂപയിലധികം പിൻവലിച്ചാല്‍ 2 ശതമാനം ടിഡിഎസ് ഈടാക്കും. (തുടർച്ചയായി മൂന്ന് വർഷങ്ങളില്‍ ആദായ നികുതി റിട്ടേണ്‍ സമർപ്പിച്ചവർക്കാണ് ഇത് ബാധകമായിരിക്കുന്നത്). മറ്റുളവർക്ക് ഒരു സാമ്ബത്തിക വർഷത്തില്‍ 20 ലക്ഷം രൂപയിലധികം തുക പിൻവലിച്ചാല്‍ 2 ശതമാനം ടിഡിഎസ് ഈടാക്കപ്പെടും. പിൻവലിക്കുന്നത് 1 കോടിയിലധികമാണെങ്കില്‍ 5 ശതമാനം നികുതി ഈടാക്കും.
ഒരുപക്ഷേ ഇത്തരത്തില്‍ ബാങ്ക് അറിയിക്കുന്ന ഇടപാടുകളിലെ ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താൻ കഴിയാത്ത പക്ഷം ആദായ നികുതി വകുപ്പിന് നോട്ടീസ് ഇഷ്യു ചെയ്യാവുന്നതാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 68 പ്രകാരമാണിത്. ഉറവിടം വെളിപ്പെടുത്തിയില്ലെങ്കില്‍ ആകെ 60 ശതമാനം നികുതിയും, അതിന് മേല്‍ 25 ശതമാനം സർചാർജ്ജും, കൂടാതെ 4 ശതമാനം സെസ്സുമായിരിക്കും പിഴയായി ചുമത്തുക.