റേറ്റിംഗില്‍ ദേവരകൊണ്ട ചിത്രത്തെ കടത്തിവെട്ടി തെലുങ്ക് ‘മഞ്ഞുമ്മല്‍ ബോയ്സ്’; ബോക്സ് ഓഫീസില്‍ അത്ഭുതം സംഭവിക്കുമോ?
സാധാരണക്കാരായ പ്രേക്ഷകരിലേക്ക് സിനിമകള്‍ ഭാഷയുടെ അതിര്‍വരമ്ബില്ലാതെ എത്തിച്ചതിന് നന്ദി പറയേണ്ടത് ഒടിടി പ്ലാറ്റ്ഫോമുകളോടെയാണ്.നേരത്തേ ആരംഭിച്ചിരുന്നെങ്കിലും ഒടിടി ജനകീയമാക്കിയത് കൊവിഡ് കാലമാണ്. മലയാള സിനിമ രാജ്യമൊട്ടുക്കുമുള്ള വലിയൊരു വിഭാഗം പ്രേക്ഷകര്‍ ആദ്യമായി കണ്ടതും അതിനുശേഷമാണ്. ഇപ്പോഴിതാ മലയാള സിനിമ മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ നേടുന്ന തിയറ്റര്‍ വിജയം തുടരുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്സ് തെലുങ്ക് റിലീസിലും സ്വീകാര്യത നേടുന്നതായാണ് ആദ്യ സൂചനകള്‍.
ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാള സിനിമയാണ്. തമിഴ്നാട്ടില്‍ നിന്ന് നേടിയ 50 കോടിക്ക് മുകളിലുള്ള കളക്ഷനായിരുന്നു ഇതിന് പ്രധാന കാരണം. തമിഴ്നാട്ടില്‍ ചിത്രം നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് ശേഷമാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ്, പ്രൈം ഷോ എന്‍റര്‍ടെയ്ന്‍മെന്‍റ്, സുകുമാര്‍ റൈറ്റിംഗ്സ് എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്യുന്ന തെലുങ്ക് പതിപ്പിന്‍റെ റിലീസ് ഇന്നാണ്. എന്നാല്‍ ഇന്നലെ നടന്ന പ്രീമിയര്‍ ഷോകളില്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മികച്ച സ്ക്രീന്‍ കൌണ്ടോടെയാണ് ചിത്രം എത്തുന്നത് എന്നതും അണിയറക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. നിരൂപരും ട്രേഡ് അനലിസ്റ്റുകളുമൊക്കെ ചിത്രത്തിന് മികച്ച അഭിപ്രായവും റേറ്റിംഗുമാണ് നല്‍കുന്നത്.
ഇന്നലെ തിയറ്ററുകളിലെത്തിയ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം ദി ഫാമിലി സ്റ്റാറിന് ഏറെക്കുറെ മോശം അഭിപ്രായങ്ങളാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. ദേശീയ മാധ്യമങ്ങള്‍ പലതും അഞ്ചില്‍ രണ്ട് നല്‍കിയിരിക്കുന്ന ഫാമിലി സ്റ്റാറിന്‍റെ ഐഎംഡിബി റേറ്റിംഗ് പത്തില്‍ 5.4 മാത്രമാണ്. ബുക്ക് മൈ ഷോയില്‍ ചിത്രത്തിന്‍റെ റേറ്റിംഗ് 7.4 ആണെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്സ് തെലുങ്ക് പതിപ്പിന്‍റെ റേറ്റിംഗ് 7.8 ആണ്. എന്നാല്‍ മാധ്യമങ്ങളും അനലിസ്റ്റുകളുമൊക്കെ അതിനേക്കാള്‍ മികച്ച റേറ്റിംഗ് ആണ് നല്‍കുന്നത്. ബുക്ക് മൈ ഷോയില്‍ 9.4 റേറ്റിംഗ് ഉണ്ടായിരുന്ന മലയാളം മഞ്ഞുമ്മല്‍ ബോയ്സ് തെലുങ്കിലെത്തിയപ്പോള്‍ റേറ്റിംഗ് ഇത്രയും കുറയാന്‍ കാരണം തെലുങ്ക് താരാരാധകരുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സംഷയം ഉന്നയിക്കുന്നുണ്ട്. റിലീസിന് മുന്‍പ്, കഴിഞ്ഞ 24 മണിക്കൂറില്‍ 10,000 ടിക്കറ്റുകളാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തെലുങ്ക് പതിപ്പ് വിറ്റിരിക്കുന്നത്. പ്രേമലുവിന് ശേഷം മഞ്ഞുമ്മല്‍ ബോയ്‍സും തെലുങ്കില്‍ വിജയിക്കുന്നപക്ഷം മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും അത്.