വരുന്നത് 20 വര്‍ഷത്തിന് ശേഷം, പക്ഷേ ബുക്ക് മൈ ഷോയില്‍ ട്രെൻഡിംഗ്! റിലീസിന് 4 ദിവസം ശേഷിക്കെ വിജയ് ചിത്രം നേടിയത്

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരം ആരെന്ന ചോദ്യത്തിന് ലഭിക്കുന്ന കൂടുതല്‍ ഉത്തരങ്ങളില്‍ ഒന്നായിരിക്കും വിജയ്.ഓപണിംഗില്‍ ഇന്ന് വിജയ്‍യെ വെല്ലാന്‍ മറ്റൊരു താരമില്ല. രാഷ്ട്രീയ പ്രവേശനത്തിനിപ്പുറം സിനിമകളില്‍ നിന്ന് പിന്മാറുമെന്ന് പറഞ്ഞിരിക്കുന്ന അദ്ദേഹത്തിന്‍റേതായി നിര്‍മ്മാണം പുരോഗമിക്കുന്ന ചിത്രം വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ എത്താനിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ്. എന്നാല്‍ വിജയ്‍യുടേതായി അടുത്ത് തിയറ്ററുകളിലെത്തുന്ന ചിത്രം അതാവില്ല! കോളിവുഡില്‍ ട്രെന്‍ഡ് ആയിരിക്കുന്ന റീ റിലീസിന്‍റെ ഭാഗമായി ഒരു വിജയ് ചിത്രവും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.

ധരണിയുടെ രചനയിലും സംവിധാനത്തിലും 2004 ല്‍ പുറത്തെത്തിയ റൊമാന്‍റിക് സ്പോര്‍ട് ആക്ഷന്‍ ചിത്രമായ ഗില്ലിയാണ് വീണ്ടും തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഏപ്രില്‍ 20 ആണ്. റീ റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ചിത്രം ഇതിനകം ട്രെന്‍ഡിംഗ് ആയിട്ടുണ്ട് എന്നതാണ് മറ്റൊരു കൗതുകം.

കഴിഞ്ഞ 24 മണിക്കൂറില്‍ ഗില്ലിയുടെ 6000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച്‌ തമിഴ്നാട്ടില്‍ നിന്ന് മാത്രം റിലീസ് ദിനമായ ഏപ്രില്‍ 20 ലേക്ക് ഗില്ലിയുടെ 30,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇതിലൂടെ ലഭിച്ചിരിക്കുന്ന കളക്ഷന്‍ 35 ലക്ഷവും! ഇന്ന് വൈകിട്ട് 3 മണി വരെയുള്ള കണക്കാണ് ഇത്. തമിഴില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ അടുത്തിടെ റീ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു പ്രതികരണം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നില്ല. റിലീസിന് നാല് ദിവസം കൂടി ശേഷിക്കുന്നതിനാല്‍ ഫൈനല്‍ പ്രീ ബുക്കിംഗ് സംഖ്യ ഇതിലും ഏറെ വരും. അത് എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.