പഴയ പ്രണയത്തിന്‍റെ അവസാന പാടും മായിച്ച്‌ അമ്മയാകാന്‍ ഒരുങ്ങുന്ന ദീപിക പദുക്കോണ്‍; ചിത്രം വൈറല്‍.!

മുംബൈ: അമ്മയാകാൻ പോകുന്ന ദീപിക പദുക്കോണ്‍ ഏപ്രില്‍ 12 വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമില്‍ ഒരു പുതിയ ഫോട്ടോ ഇട്ടത് ബി ടൌണില്‍ വലിയ ചര്‍ച്ചയാകുകയാണ്.
ദീപിക പാദുകോണിന്‍റെ ഭർത്താവ് രണ്‍വീർ സിംഗ് തന്നെ എടുത്ത ചിത്രമാണ് ദീപിക തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ക്യാമറയ്ക്ക് തിരിഞ്ഞ് നില്‍ക്കുന്ന ദീപിക പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുമ്ബോള്‍ അവരുടെ കഴുത്തിന് പിന്നില്‍ ബേബി മൂണ്‍ ടാന്‍ വ്യക്തമായി മാറാം.

ചാരനിറത്തിലുള്ള ടാങ്ക് ടോപ്പാണ് ദീപിക ധരിച്ചിരുന്നത്. തോളില്‍ ഒരു വെളുത്ത ടോട്ട് ബാഗും ഉണ്ടായിരുന്നു. ദീപിക ബണ്‍ മാതൃകയില്‍ മുടി കെട്ടിയിരിക്കുന്നത് കാണാം. എന്തായാലും അമ്മയാകാന്‍ പോകുന്ന ദീപികയ്ക്ക് ആശംസകള്‍ നേര്‍ന്നാണ് പലരും ഈ ഫോട്ടോയ്ക്ക് അടിയില്‍ കമന്‍റ് ചെയ്യുന്നത്.

അമ്മയാകാന്‍ പോകുന്ന ദീപികയ്ക്ക് ആശംസകള്‍, നിങ്ങളുടെ ഗര്‍ഭകാലം ആഘോഷിക്കൂ.. തുടങ്ങിയ ആശംസകളാണ് പോസ്റ്റിന് അടിയില്‍ പലരും എഴുതുന്നത്. നടനും ഭർത്താവുമായ രണ്‍വീർ സിങ്ങിനൊപ്പം ദീപിക പദുക്കോണ്‍ തൻ്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ് ഇപ്പോള്‍. ഈ വർഷം ഫെബ്രുവരിയില്‍ “സെപ്റ്റംബർ 2024” എന്നെഴുതിയ മനോഹരമായ ഒരു പോസ്റ്റർ ദീപിക പങ്കിട്ടതോടെയാണ് ഗർഭധാരണം പ്രഖ്യാപിച്ചത്. ദീപികയും രണ്‍വീറും അഞ്ച് വര്‍ഷം മുന്‍പാണ് വിവാഹിതരായത്.

അതേ സമയം പുതിയ ചിത്രത്തില്‍ ദീപികയുടെ പിന്നില്‍ സ്ഥിരമായി കണ്ടിരുന്ന ടാറ്റൂ കാണാനില്ല എന്നതാണ് ആരാധകര്‍ കണ്ടെത്തിയത്. മുന്‍പ് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായ കാലത്തായിരുന്നു ഈ ടാറ്റൂ ദീപിക കുത്തിയത്. അതിനാല്‍ തന്നെ പിന്നീട് പലപ്പോഴും ഈ ടാറ്റൂ ദീപികയുടെ പഴയ പ്രണയത്തെ ഓര്‍മ്മിക്കുന്നു എന്ന പേരില്‍ വാര്‍ത്തയായിരുന്നു. അതിനാല്‍ തന്നെ ഈ ടാറ്റൂ അപ്രത്യക്ഷമായതും ഈ ഫോട്ടോ വൈറലായതിന് പിന്നാലെ വാര്‍ത്തയായിട്ടുണ്ട്.