ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികള്‍ മരിച്ചു; മാതാവ് ആശുപത്രിയില്‍

മംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് ഉന്തുവണ്ടിയില്‍ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ച ഒന്നര വയസുള്ള ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു.ഇവരുടെ മാതാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെട്ടഹള്ളിയിലെ പ്രസന്ന -പൂജ ദമ്ബതികളുടെ മക്കളായ ത്രിശൂല്‍, ത്രിശ എന്നിവരാണ് മരിച്ചത്.

പൂജ മാണ്ഡ്യ ജില്ല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബുധനാഴ്ച വൈകുന്നേരം ഐസ്ക്രീം കഴിച്ച മൂവർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്.

വേറേയും നിരവധി പേർ ഈ വില്പനക്കാരനില്‍ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചെങ്കിലും പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറകെരെ പൊലീസ് പറഞ്ഞു. പ്രസന്നയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.