ഒറ്റനോട്ടത്തില്‍ ചുരയ്ക്ക കൃഷി, ഇടയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി, ബാര്‍ബര്‍ ഷോപ്പുകാരൻ പിടിയില്‍
പെരുമ്ബാവൂർ: ചുരയ്ക്ക കൃഷിയുടെ മറവില്‍ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ എക്സൈസ് പിടിയില്‍. അസം സ്വദേശി ഹറുള്‍ റെഷിദ് ആണ് പിടിയിലായത്.കുറ്റിപാടം ജംഗ്ഷനില്‍ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാള്‍, ചുരയ്ക്ക കൃഷി ചെയ്തതിനോടൊപ്പം മൂന്ന് കഞ്ചാവ് ചെടികളും നട്ടുവളർത്തി പരിപാലിച്ചു. അല്ലപ്ര ഒർണ്ണ ഭാഗത്ത് വാടക വീട്ടിലായിരുന്നു ഇയാളുടെ താമസം.
എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഒ എൻ അജയകുമാർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു. കുന്നത്തുനാട് എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ എസ് ബിനുവും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടികള്‍ കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് ചെടി നട്ടുവളർത്തുന്നത് എൻഡിപിഎസ് നിയമ പ്രകാരം ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സലിം യൂസഫ്, ഒ എൻ അജയകുമാർ, പ്രിവന്‍റീവ് ഓഫീസർ എം എ അസൈനാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, വികാന്ത്, സുരേഷ്, വനിത സിവില്‍ എക്സൈസ് ഓഫീസർ ടിന്റു എന്നിവരാണ് റെയ്ഡ് നടത്തിയത്. പെരുമ്ബാവൂർ റേഞ്ചില്‍ കേസ് രജിസ്റ്റർ ചെയ്തു.