യാംബു മുൻ പ്രവാസി കളത്തിങ്ങല്‍ അബ്ദുല്‍ ജലീല്‍ നാട്ടില്‍ നിര്യാതനായി

യാംബു: ദീർഘകാലം സൗദിയിലെ യാംബുവില്‍ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നാട്ടില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.കരുവൻതിരുത്തി, പുളിക്കല്‍താഴം കളത്തിങ്ങല്‍ അബ്ദുല്‍ ജലീല്‍ (49) ആണ് വ്യാഴാഴ്ച്ച രാവിലെ മരിച്ചത്. യാംബു, അല്‍ വജ്ഹ് എന്നിവിടങ്ങളില്‍ ഒന്നര പതിറ്റാണ്ട് കാലം ബിസിനസ് മേഖലയില്‍ പ്രവർത്തിച്ചിരുന്ന അബ്ദുല്‍ ജലീല്‍ ‘ബിൻസാഗർ’ കമ്ബനിയില്‍ സെയില്‍സ് വകുപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ നാലു വർഷങ്ങള്‍ക്കു മുമ്ബാണ് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങിയത്.

യാംബു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, കെ.എം.സി.സി എന്നീ സംഘടനകളുമായി ബന്ധപ്പെട്ട പ്രവർത്തകനായിരുന്നു. യാംബുവിലെ കരുവന്തിരുത്തി സോഷ്യല്‍ വെല്‍ഫെയർ അസോസിയേഷൻ (കിസ്‌വ), നാട്ടിലെ സൗദി പ്രവാസി കൂട്ടായ്‌മ എന്നീ സംഘടനകളുടെ മുഖ്യ ഭാരവാഹിയായിരുന്നു.

പരേതനായ കളത്തിങ്ങല്‍ മുഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ്: ആയിഷുമ്മ. ഭാര്യ: സാഹിറ. മക്കള്‍ : മുഹമ്മദ് മിഷാല്‍, ആയിഷ ഹിബ. സഹോദരങ്ങള്‍: സൈതലവി എന്ന ബാവ (മുൻ യാംബു പ്രവാസി), സുഹ്‌റാബി, സുബൈദ, സഫിയ,സക്കീന, സാഹിറ.