തെരഞ്ഞെടുപ്പ് ദിനത്തില്‍ പുലര്‍ച്ചെ 4.30ന് തുടങ്ങിയ ഓട്ടം; സ്വപ്ന നിന്നത് 22 കിമി താണ്ടി വരവൂരില്‍, ലക്ഷ്യം വലുത്

തൃശൂര്‍: പുലര്‍ച്ചെ നാലരയ്ക്ക് ഓട്ടം തുടങ്ങിയതാണ് സ്വപ്ന. ഈ തെരഞ്ഞെടുപ്പ് ദിവസം ഓടിക്കിതച്ച്‌ എങ്ങോട്ടാണെന്ന സംശയിക്കേണ്ട, വോട്ട് ചെയ്യാനാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഈ ഓട്ടം.നാലര മണിക്ക് ജോലി സ്ഥലമായ കോലഴിയില്‍ നിന്ന് തൃശൂരിലെ വരവൂരിലേക്കാണ് 22 കിലമീറ്ററോളമുള്ള ഇവരുടെ ഓട്ടം.

അത്ലറ്റാണ് സ്വപ്ന. ഈ ഓടിവന്നുള്ള വോട്ട് ചെയ്തതിന് പിന്നില്‍ ഒരു ലക്ഷ്യവുമുണ്ട്. താൻ സ്നേഹിക്കുന്ന ഓട്ടത്തെ, അതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ മറ്റുള്ളവരെയും ബോധവല്‍ക്കരിക്കണമെന്നാണ് സ്വപ്ന ലക്ഷ്യമിട്ടത്. വ്യായാമം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഒരാളെയെങ്കിലും മനസിലാക്കാൻ കഴിഞ്ഞാല്‍ സന്തോഷമെന്ന് സ്വപ്ന പറഞ്ഞു.

സ്വപ്നയ്ക്കൊപ്പം കൂടി തൃശൂരിലെ ഈറ്റ് എൻഡ്യൂറൻസ് അത്ലീറ്റ്സ് ഓഫ് തൃശ്ശൂർ അംഗങ്ങളായ സുബിൻ വിഎസ്, ശരത് ടിഎസ്, സുഗന്ധൻ, ബാബു ജോസഫ്, വികെ വിനയ്കുമാർ എന്നിവരും ഉണ്ടായിരുന്നു. വരവൂർ സ്വദേശിയായ സ്വപ്ന കെഎസ്‌എഫ്‌ഇയിലെ ജോലിക്കാരിയാണ്. ജോലി സംബന്ധമായി കോലഴിയിലാണ് സ്വപ്ന താമസിക്കുന്നത്. പുലർച്ചെ 4.30 ന് ആരംഭിച്ച്‌ 22 കിലോമീറ്റർ ഓടി 8.30 ന് വരവൂർ പഞ്ചായത്ത് ഓഫീസിലെത്തിയാണ് സ്വപ്ന വോട്ട് രേഖപ്പെടുത്തിയത്.